സിഡ്‌നി: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം. സിഡ്‌നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചതോടെ മത്സരം നിര്‍ത്തിവച്ചു. രഹാനെയുടെ പരാതിയെ തുടർന്ന് അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുത്തു. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ - ഇന്ത്യൻ ക്രിക്കറ്റ് ടീം
വംശീയാധിക്ഷേപം ചെയ്തവരെ പുറത്താക്കിയ ശേഷമാണ് കളി ആരംഭിച്ചത്
സിറാജ് തന്നെയാണ് വംശീയാധിക്ഷേപം ചെയ്തവരെ ചൂണ്ടികാണിച്ചുകൊടുത്തത്. ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സ് അംപയറും ആറ് പേരെയും ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി അവരെ പുറത്താക്കുകയായിരുന്നു. വംശീയാധിക്ഷേപം നടത്തിയവരെ പുറത്താക്കിയ ശേഷമാണ് പിന്നീട് മത്സരം ആരംഭിച്ചത്. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിരുന്നു.
വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതികരിച്ചിരുന്നു.