മെൽബൺ: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ അത്‌ഭുതങ്ങള്‍ തുടരുന്നു. ലീഗ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടി ഓപ്പണറായിറങ്ങിയ സ്റ്റോയ്നിസ്, 79 പന്തിൽ 147 റണ്‍സാണ് അടിച്ചെടുത്ത്. 13 ഫോറുകളുടെയും എട്ടു സിക്‌സറിന്‍റെയും അകമ്പടിയോടെയാണ് സ്റ്റോയ്നിസ് റെക്കോര്‍ഡിലേക്കെത്തിയത്. 69 പന്തില്‍ 122 റണ്‍സെടുത്ത ഓസീസ് താരം ഡാർസി ഷോർട്ടിന്‍റെ റെക്കോർഡാണ് സ്റ്റോയ്നിസ് തകർത്തത്.
ബിഗ് ബാഷില്‍ റെക്കോര്‍ഡ് കുറിച്ച് മാര്‍ക്കസ് സ്‌റ്റോയ്‌നിസ്
ലീഗ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കിയത്.
ഓപ്പണിങ് വിക്കറ്റിൽ ഹിൽട്ടൺ കാർട്ട്റൈറ്റിനൊപ്പം 207 റൺസിന്‍റെ കൂട്ടുകെട്ടാണ് സ്റ്റോയ്നിസ് തീര്‍ത്തത്. ഇതോടെ ബിഗ് ബാഷ് ലീഗിലെ ഉയർന്ന കൂട്ടുകെട്ടിന്‍റെ റെക്കോർഡും ഇരുവരുടെയും പേരിലായി. 40 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 59 റൺസാണ് കാർട്ട്റൈറ്റ് നേടിയത്. താരങ്ങളുടെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ മെൽബൺ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ സിഡ്നി സിക്സേഴ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മെല്‍ബണിന് 44 റണ്‍സിന്‍റെ ജയം.
ഐപിഎൽ താരലേലത്തിൽ 4.8 കോടി രൂപയ്ക്ക് സ്റ്റോയ്നിസിനെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസിനും താരത്തിന്‍റെ ഈ പ്രകടനം ആവേശം പകരും. വിജയത്തോടെ ഒൻപതു മത്സരങ്ങളിൽനിന്ന് 16 പോയിന്‍റുമായി മെൽബൺ സ്റ്റാർസ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 പോയിന്‍റുള്ള സിഡ്നി സിക്സേഴ്സ് ലീഗില്‍ രണ്ടാമതാണ്.