ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തെസംബന്ധിച്ച് ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോഹ്ലി ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യ-പാക് മത്സരത്തില്‍ നിലപാട് വ്യക്തമാക്കി കോഹ്ലി - പുല്‍വാമ ഭീകരാക്രമണം
ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കാൻ തയ്യാറെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ രൂക്ഷവിമർശനങ്ങളാണ് നടത്തിയത്. പാകിസ്ഥാനെതിരായ പ്രതിഷേധങ്ങൾ ക്രിക്കറ്റിനെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി. ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണോ വേണ്ടയോ എന്ന് തീരുമാനം പറയേണ്ടത് കേന്ദ്ര സർക്കാരും ബിസിസിഐയുമാണെന്നും അവരുടെ അഭിപ്രായത്തിനൊപ്പമായിരിക്കും ടീം നിലകൊള്ളുകയെന്നും കോഹ്ലി വ്യക്തമാക്കി.
ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ആവശ്യവുമായി ഗാംഗുലി, ഹർഭജൻ ഉൾപ്പെടെയുള്ള മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിട്ട് നല്‍കണമെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് അഭിപ്രായപ്പെട്ടത്. അതേസമയം ഇന്ത്യ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുവരുന്നത്.