ഹൈദരാബാദ്:ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മാറ്റിമറിച്ചത് 1983ലെ ലോകകപ്പ് ജയമാണ്. കപിലിന്‍റെ ചെകുത്താന്‍മാര്‍ ലോഡ്‌സില്‍ പ്രൊഡന്‍ഷ്യല്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ജനത ഏറ്റുവാങ്ങിയത് ക്രിക്കറ്റെന്ന വികാരമാണ്. ആ വിജയം ക്രിക്കറ്റിന്‍റെ ജനപ്രീതിയില്‍ മാത്രമല്ല കളിക്കാര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ കാര്യത്തിലും വലിയ അന്തരമാണ് ഉണ്ടായത്. ഇന്ന് കോടികള്‍ മറയുന്ന കളിയായി ക്രിക്കറ്റ് മാറി.
അതേസമയം ക്രിക്കറ്റിന്‍റെ മക്കയെന്ന് വിശേഷിപ്പിക്കുന്ന ലോഡ്‌സില്‍ കരുത്തരായ കരീബിയന്‍സിനെ എറിഞ്ഞിട്ട് കപില്‍ദേവും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ അതല്ലായിരുന്നു സ്ഥിതി. 1983ല്‍ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെയും പരിശീലകരുടെയും വേതനം അടങ്ങുന്ന രേഖയാണ് ആ അന്തരം വെളിപ്പെടുത്തുന്നത്. ഇക്കാലത്ത് ക്രിക്കറ്റ് താരങ്ങള്‍ സ്വന്തമാക്കുന്ന വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ വലിയ വ്യത്യാസമാണുള്ളത്. കപിലിനും കൂട്ടകര്‍ക്കും പ്രതിദിന അലവന്‍സായി 200 രൂപയും മാച്ച് ഫീയായി 1500 രൂപയുമാണ് ലഭിച്ചത്. കളിക്കാര്‍ക്കും പരിശീലകനും ഉള്‍പ്പെടെ ഇത്തരത്തില്‍ 2100 രൂപ വീതമാണ് ലഭിച്ചത്.
1983ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ച വേതനം. എന്നാല്‍ ഇന്ന് അതിസമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ്. കായിക മേഖലയില്‍ ലോകത്തെ ഏറ്റവും സമ്പന്നമായി സംഘടനകളില്‍ ഒന്നാണ് ബിസിസിഐ. ബിസിസിഐയുടെ ഏറ്റവും താഴ്‌ന്ന ഗ്രേഡുള്ള കളിക്കാരന് ഒരു കോടി രൂപയാണ് പ്രതിവര്‍ഷം വാര്‍ഷിക കരാര്‍. എപ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് ഗ്രേഡ്. എപ്ലസ് ഗ്രേഡുള്ള കളിക്കാരന് പ്രതിവര്‍ഷം ഏഴ് കോടി രൂപ പ്രതിഫലമായി ലഭിക്കും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്‌പ്രീത് ബുമ്ര എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. കൂടാതെ ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ഭാഗമാകുമ്പോള്‍ ആറ് ലക്ഷവും ടി20 മത്സരത്തിന്‍റെ ഭാഗമാകുമ്പോള്‍ മൂന്ന് ലക്ഷവും ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാഗമാകുമ്പോള്‍ 15 ലക്ഷവും താരങ്ങള്‍ക്ക് ലഭിക്കുന്നു.
ബിസിസിഐ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിലവില്‍ ഗ്രേഡ് അനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന വരുമാനം. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് പോലും 35,000 രൂപ പ്രതിഫലമായി ലഭിക്കും. ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്കും കളിക്കാര്‍ക്ക് അവകാശപെട്ടതാണ്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള പണ സമ്പന്നമായി ക്രിക്കറ്റ് ലോകവും കളിക്കാര്‍ക്ക് മുന്നില്‍ ഇതിനകം പുതിയ സാധ്യതകള്‍ തുറന്ന് നല്‍കുന്നുണ്ട്. 1983ലെ ലോകകപ്പ് വിജയമാണ് ഇന്ത്യയിലെ ക്രിക്കറ്റിന്‍റെ വേരോട്ടത്തിന് തുടക്കം കുറിച്ചത്. യുവ തലമുറ കപിലുയര്‍ത്തിയ പ്രൊഡന്‍ഷ്യല്‍ കപ്പ് സ്വപ്‌നം കാണാന്‍ തുടങ്ങി. അത് യാഥാര്‍ത്ഥ്യമാക്കാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പാഡണിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ജാതകം തിരുത്തിയെഴുതാന്‍ തുടങ്ങി. ഒരു പക്ഷെ കപിലിന്‍റെ ചെകുത്താന്‍മാര്‍ ലോഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മറ്റൊന്നായേനെ.