ഹൈദരാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുമ്പോൾ മതപരമായ വിഭാഗീയതക്ക് ഇരയായെന്ന ആരോപണവുമായി വീണ്ടും ഡാനിഷ് കനേറിയ. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെതിരെയാണ് ഇത്തവണ കനേറിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഫ്രീദി എന്നും തനിക്ക് എതിരെ ആയിരുന്നുവെന്ന് കനേറിയ ആരോപിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഏകദിനത്തിലും അത് അങ്ങനെ തന്നെ തുടർന്നു കനേറിയ പറയുന്നു.
ഒരാള്‍ ഇങ്ങനെ നമുക്കെതിരെ നിന്നാല്‍ മതം അല്ലാതെ മറ്റെന്ത് പ്രശ്‌നമാണെന്ന് നാം കരുതണമെന്നും കനേറിയ ചോദിക്കുന്നു. മതത്തിന്‍റെ പേരില്‍ വിവേചനത്തിന് ഇരയായോ എന്ന വാർത്താ എജന്‍സിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഫ്രീദി കാരണമാണ് കൂടുതല്‍ ഏകദിനങ്ങള്‍ തനിക്ക് കളിക്കാന്‍ സാധിക്കാതെ പോയത്.
ഡാനിഷ് കനേറിയയും ഷാഹിദ് അഫ്രീദിയും (ഫയല്‍ ചിത്രം). ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചപ്പോഴും ടീമിന്‍റെ നായന്‍ അഫ്രീദി ആയിരുന്നു. ടീമില്‍ നിന്നും തന്നെ അഫ്രീദി മാറ്റിയിരുത്തും. ഏകദിന ക്രിക്കറ്റിലും അതിന് മാറ്റമുണ്ടായിരുന്നില്ല. അഫ്രീദി മറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ തന്നെ പിന്തുണച്ചില്ല. എങ്കിലും പാകിസ്ഥാന് വേണ്ടി കുറേ കളിക്കാന്‍ തനിക്ക് സാധിച്ചു. അതില്‍ ദൈവത്തിന് നന്ദി പറയുന്നു.
ഞങ്ങൾ ഇരുവരും ലെഗ് സ്പിന്നേഴ്‌സാണെന്നതും തന്നെ തഴയാൻ അതും കാരണമായി. തുടക്കത്തിലെ താരമായിരുന്ന അഫ്രീദി രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് അന്നേ ഉറപ്പായിരുന്നു. എന്നിട്ടും എന്തിന് തന്നോട് അങ്ങനെ ചെയ്‌തെന്ന് അറിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്ക് ഒരു ഇലവനില്‍ കളിക്കാനാകില്ലെന്ന് പറഞ്ഞു. ഫീല്‍ഡിങ് പോരെന്ന് അവര്‍ കുറ്റപ്പെടുത്തി. ആ കാലത്ത് പാകിസ്ഥാന് എത്ര നല്ല ഫീല്‍ഡര്‍മാരുണ്ടായെന്നും കനേറിയ ചോദിക്കുന്നു.
ഡാനിഷ് കനേറിയയും ഷാഹിദ് അഫ്രീദിയും (ഫയല്‍ ചിത്രം). നേരത്ത ഹിന്ദുമത വിശ്വാസിയായ ഡാനിഷ് കനേറിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ മത വിവേചനം അനുഭവിച്ചെന്ന് മുന്‍ പാക് പേസർ ഷുഹൈബ് അക്‌തർ വെളിപ്പെടുത്തിയിരുന്നു. അന്ന് കനേറിയയെ പിന്തുണച്ചാണ് അക്‌തർ സംസാരിച്ചത്. കനേറിയക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും സഹതാരങ്ങൾ തയാറായില്ലെന്നാണ് അക്‌തർ അന്ന് പറഞ്ഞത്.