മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ മധ്യനിര താരം കേദാർ ജാദവ് ലോകകപ്പില്‍ കളിക്കും. പരിക്ക് ഭേദമായ ജാദവ് മെയ് 22ന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും.
പരിക്ക് ഭേദമായി; ലോകകപ്പിന് ടിക്കറ്റെടുത്ത് ജാദവ്
പരിക്ക് ഭേദമായ ജാദവ് മെയ് 22ന് ഇന്ത്യൻ ടീമിനൊപ്പം ചേരും
കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരമായ കേദാർ ജാദവിന് പരിക്കേറ്റത്. തോളിന് പരിക്കേറ്റ ജാദവ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമാണ് ഇതോടെ വിരാമമായത്. ജാദവിന്‍റെ അഭാവത്തില്‍ അക്സർ പട്ടേലോ റിഷഭ് പന്തോ ടീമിലിടം നേടാൻ സാധ്യതയുണ്ടായിരുന്നു. ഇന്ത്യൻ ടീം ഫിസിയോ പാട്രിക്ക് ഫർഹാത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ജാദവിന്‍റെ ചികിത്സ. പരിക്കില്‍ നിന്ന് മോചിതനായ ജാദവ് ലോകകപ്പ് കളിക്കാൻ ഫിറ്റാണെന്ന് ബിസിസിഐക്ക് പാട്രിക്ക് റിപ്പോർട്ട് നല്‍കി. ഇന്ത്യക്ക് വേണ്ടി 59 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ജാദവ് 43.50 ശരാശരിയില്‍ 1174 റൺസെടുത്തു. ബാറ്റിംഗിന് പുറമേ നിർണായക വിക്കറ്റുകൾ വീഴ്ത്താനും ജാദവിന് കഴിയും. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളാണ് ഈ മുപ്പത്തിനാലുകാരൻ. താരം പരിക്കില്‍ നിന്ന് മോചിതനായത് ആരാധകർക്കും ടീം മാനേജ്മെന്‍റിനും ആശ്വാസം പകരുന്നു.