ന്യൂഡല്‍ഹി:ഓസ്ട്രേലിയക്ക് എതിരെ അവരുടെ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചെങ്കിലും 2020-ലെ ഓസ്‌ട്രേലിയന്‍ പര്യടനം വിരാട് കോലിക്കും സംഘത്തിനും എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ടീം ഇന്ത്യയുടെ അടുത്ത വർഷത്തെ ഏറ്റവും വലിയ വെല്ലുവിളി ഓസിസ് പര്യടനമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ ഇന്ത്യ കീഴടക്കി. അപ്പോൾ അവർക്കുള്ളത് ഏറ്റവും മികച്ച ടീമായിരുന്നില്ല. മുന്‍ നിര ബാറ്റ്സ്‌മാന്‍മാരായ ഡേവിഡ് വാണർറും സ്‌റ്റീവ് സ്‌മിത്തും ഇല്ലാതെയാണ് അന്ന് ഓസിസ് ഇന്ത്യയെ നേരിട്ടത്.
2020-ലെ ഓസിസ് പര്യടനം ടീം ഇന്ത്യക്ക് വെല്ലുവിളിയാകും: ഗാംഗുലി
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തം കരുത്തില്‍ വിശ്വാസം അർപ്പിക്കണമെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി
എന്നാല്‍ ഇന്ന് പൂർണ ശക്തിയുള്ള ഓസ്‌ട്രേലിയ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തും. എന്നിരുന്നാലും ട്വന്‍റി-20 ലോകകപ്പിന് ശേഷം 2020 ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവച്ചു. ഓസിസ് പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തയ്യാറാണ്. അടുത്ത വർഷം നടക്കുന്ന പരമ്പരയില്‍ ഓസിസ് ടീമിനെ കീഴടക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. സ്വന്തം കരുത്തില്‍ ടീം ഇന്ത്യ വിശ്വാസം അർപ്പിക്കണം.
എറ്റവും മികച്ച ടീമിനോട് മത്സരിക്കുകയായിരുന്നു താന്‍ നായകനായ കാലത്ത് ഇന്ത്യന്‍ ടീമിന്‍റെ ലക്ഷ്യമെന്നും ഗാംഗുലി പറഞ്ഞു. 2003-ല്‍ നടന്ന ഓസിസ് പര്യടനത്തില്‍ അത് തെളിയിച്ചു. കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനും ഈ കഴിവുണ്ട്. മികച്ച പേസ് ബോളേഴ്‌സും സ്‌പിന്നർമാരും ഇന്ന് ഇന്ത്യന്‍ ടീമിലുണ്ട്. കോലിയെന്ന ചാമ്പ്യന്‍ ബാറ്റ്സ്‌മാനും. ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പിക്കുന്നതിന് പുറമെ ഐസിസി ടൂർണമെന്‍റിലെ സെമി കടമ്പ കടക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര സ്വന്തമാക്കുകയെന്നതും ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.