കേരളം

kerala

ETV Bharat / sports

ഐപിഎല്ലിലെ വലിയ പൂരത്തിന് നാളെ തുടക്കം

നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഐപിഎല്‍ കലാശപ്പോര് മേയ് 12 ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍.

ഐപിഎല്ലിലെ വലിയ പൂരത്തിന് നാളെ തുടക്കം

By

Published : May 6, 2019, 1:33 PM IST

Updated : May 6, 2019, 7:58 PM IST

ഐപിഎല്ലില്‍ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ പ്ലേ ഓഫ് പട്ടിക തയ്യാറായി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

അവസാന മത്സരത്തിലെ ജയത്തോടെ ചെന്നൈയെ പിന്തള്ളി മുംബൈ ഒന്നാം സ്ഥാനത്തെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്തും സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടപ്പോൾ അതേ പോയിന്‍റുള്ള സൺറൈസേഴ്സ് നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫിലെത്തി.

നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിനാണ് നാളെ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. സ്വന്തം കാണികൾക്ക് മുമ്പില്‍ കളിക്കുന്നത് ചെന്നൈക്ക് ആത്മവിശ്വാസം പകരുന്നു. എന്നാല്‍ ചെപ്പോക്കിലെ കണക്കുകൾ മുംബൈക്ക് അനുകൂലമാണ്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈക്കൊപ്പമായിരുന്നു.

രണ്ടാം പ്ലേ ഓഫിന് മുന്നോടിയായുള്ള എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. മേയ് എട്ടിന് വിശാഖപട്ടണത്താണ് എലിമിനേറ്റർ. 12 പോയിന്‍റ് മാത്രം നേടി ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മറുവശത്ത് ആറ് സീസണുകൾക്ക് ശേഷമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫില്‍ കടക്കുന്നത്. ഈ സീസണില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്ചവച്ചത്. ശിഖർ ധവാനൊപ്പം നായകൻ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നീ യുവതാരങ്ങളാണ് ഡല്‍ഹിയുടെ കരുത്ത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ എന്നിവർ ടീം വിട്ടത് ഹൈദരാബാദിന് വൻ തിരിച്ചടിയാണ്

എലിമിനേറ്ററില്‍ ജയിക്കുന്നവർക്ക് ഫൈനലില്‍ കടക്കാൻ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമിനെ നേരിടണം. മേയ് 10ന് വിശാഖപട്ടണത്താണ് രണ്ടാം ക്വാളിഫയർ. ഐപിഎല്‍ കലാശപ്പോര് മേയ് 12 ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം. 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂർ അവസാന സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. ആറാം സ്ഥാനത്ത് കിങ്സ് ഇലവൻ പഞ്ചാബും ഏഴാം സ്ഥാനത്ത് രാജസ്ഥാൻ റോയല്‍സും സീസൺ അവസാനിപ്പിച്ചു.

Last Updated : May 6, 2019, 7:58 PM IST

ABOUT THE AUTHOR

...view details