ഹൈദരാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 150 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസെടുത്തു.
കലാശപ്പോരില്‍ ചെന്നൈക്ക് 150 റൺസ് വിജയലക്ഷ്യം - മുംബൈ
കലാശപ്പോരില്‍ തിളങ്ങി ചെന്നൈ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസെടുത്തു
നാലാം കിരീടത്തിനായുള്ള പോരാട്ടത്തില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ചെന്നൈ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. ഓപ്പണർമാരായ ക്വിന്‍റൺ ഡി കോക്കും നായകൻ രോഹിത് ശർമ്മയും മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 17 പന്തില്‍ നിന്ന് 29 റൺസെടുത്ത ഡി കോക്ക് പുറത്താകുമ്പോൾ മുംബൈക്ക് അഞ്ച് ഓവറില്‍ 45 റൺസായിരുന്നു. അതേ സ്കോറില്‍ തന്നെ രോഹിത് ശർമ്മ (15) കൂടി പുറത്തായത് മുംബൈക്ക് വൻ തിരിച്ചടിയായി. മൂന്നാം വിക്കറ്റില്‍ സൂര്യകുമാർ യാദവ് (15), ഇഷാൻ കിഷൻ (23) കൂട്ടുകെട്ട് ചെറുത്ത് നിന്നെങ്കിലും ഇമ്രാൻ താഹിർ ബൗളിംഗ് ആരംഭിച്ചതോടെ 37 റൺസ് നേടിയ സഖ്യം ചെന്നൈ തകർത്തു. ക്രുണാല്‍ പാണ്ഡ്യ ഏഴ് റൺസെടുത്ത് പുറത്തായി. പിന്നീട് ഒത്തുചേർന്ന കീറോൺ പൊള്ളാർഡും ഹാർദ്ദിക് പാണ്ഡ്യയുമാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. പാണ്ഡ്യ 10 പന്തില്‍ 16 റൺസ് നേടിയപ്പോൾ പൊള്ളാർഡ് 25 പന്തില്‍ 41 റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി ദീപക് ചഹാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷർദ്ദുല്‍ താക്കൂറും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.