കേരളം

kerala

ETV Bharat / sports

ആറ് വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പ്ലേ ഓഫില്‍

ബാംഗ്ലൂരിനെ 16 റൺസിന് തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫില്‍ കടന്നു

ആറ് വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പ്ലേ ഓഫില്‍

By

Published : Apr 28, 2019, 8:35 PM IST

ന്യൂഡല്‍ഹി: ഐപിഎല്‍ പന്ത്രണ്ടാം സീസണിന്‍റെ പ്ലേ ഓഫില്‍ കടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 16 റൺസിന് തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചത്.

ഇന്നത്തെ തോല്‍വിയോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റ് മാത്രമുള്ള ബാംഗ്ലൂരിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും പന്ത്രണ്ട് പോയിന്‍റ് മാത്രമേ ലഭിക്കൂ. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 188 റൺസിന്‍റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ഡല്‍ഹിക്ക് വേണ്ടി ശിഖർ ധവാനും നായകൻ ശ്രേയസ് അയ്യരും അർധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ പാർഥിവ് പട്ടേലും (39), വിരാട് കോലിയും (23) നല്‍കിയത്. എന്നാല്‍ മധ്യനിരയില്‍ കാര്യങ്ങൾ അനുകൂലമാകാത്തതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ഡിവില്ലിയേഴ്സ് (17), ക്ലാസൻ (മൂന്ന്), ശിവം ഡൂബെ (24) എന്നിവർ വേഗത്തില്‍ പുറത്തായി. മാർക്കസ് സ്റ്റോയിണിസും (32) ഗുർക്രീത് സിംഗും (27) പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിന്‍റെ വിജയത്തിന് അതൊന്നും പോരായിരുന്നു.

ഡല്‍ഹിക്ക് വേണ്ടി റബാഡ, അമിത് മിശ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 2012ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹി പ്ലേ ഓഫില്‍ പ്രവേശിക്കുന്നത്. ജയത്തോടെ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്തി. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റാണ് ഡല്‍ഹിയുടെ നേട്ടം.

ABOUT THE AUTHOR

...view details