ന്യൂഡല്‍ഹി:ഐപിഎല്‍ മണ്‍സൂണിന് ശേഷം നടക്കുമെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ച് ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രി. ക്രിക്കറ്റ് സീസണ്‍ പുനരാരംഭിക്കാന്‍ മണ്‍സൂണ്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പോലുള്ള അസാധാരണ സാഹചര്യം ഉടലെടുത്തതിനാല്‍ കളിക്കാരുടെയും ഓഫീഷ്യല്‍സിന്‍റെയും സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം വ്യക്തികൾക്ക് എടുക്കാം. ഇതിനെ ബിസിസിഐ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദേശങ്ങൾ അനുസരിച്ചേ പ്രവർത്തിക്കൂ. അതുപ്രകാരമേ ക്രിക്കറ്റ് പുനരാരംഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്‍ മണ്‍സൂണിന് ശേഷം; ശുഭ പ്രതീക്ഷയുമായി രാഹുല്‍ ജോഹ്‌രി - rahul johri news
സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം വ്യക്തികൾക്ക് എടുക്കാമെന്നും അതിനെ മാനിക്കുമെന്നും ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രി
ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയാണ് മണ്‍സൂണ്‍ കാലം. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ മണ്‍സൂണിന് ശേഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി ഐപിഎല്‍ മത്സരങ്ങൾ സംഘടിപ്പിക്കാന്‍ സാധിക്കും. അതേസമയം ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോഹ്‌രി പറഞ്ഞു. ആഗോള തലത്തിലെ മികച്ച താരങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഐപിഎല്ലിന്‍റെ പ്രത്യേകത. ആ സവിശേഷത നിലനിർത്തും. ഐപിഎല്ലുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര ഫ്ലൈറ്റ് സർവീസ്, താരങ്ങളുടെയും ഓഫീഷ്യല്‍സിന്‍റയും ക്വാറന്‍റൈന്‍, വൈറസ് ബാധ തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും രാഹുല്‍ ജോഹ്‌രി പറഞ്ഞു.