ഹൈദരാബാദ്: ഐപിഎല്‍ 13-ാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ മാർച്ച് 29-നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പുതിയ മത്സരക്രമം അനുസരിച്ച് ലീഗില്‍ ആറ് ദിവസങ്ങളില്‍ മാത്രമെ രണ്ട് മത്സരങ്ങൾ ഉണ്ടാവുകയുള്ളൂ. ഞായറാഴ്‌ച്ചകളിലാണ് രണ്ട് മത്സരത്തിന് സമയം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ദിവസങ്ങളിലായി ലീഗ് മത്സരങ്ങൾ നടത്തിയപ്പോൾ ഈ വർഷം അത് ആറ് ദിവസം കൂടി കൂട്ടിച്ചേർത്ത് 50 ദിവസമാക്കി ഉയർത്തി.
ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ- ചെന്നൈ പോരാട്ടം
മുന്‍വർഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ ഞായറാഴ്‌ച്ചകളില്‍ മാത്രമാകും രണ്ട് ലീഗ് മത്സരങ്ങൾ നടക്കുക. ആദ്യ മത്സരം മാർച്ച് 29-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍
നേരത്തെ സണ്‍റേസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തങ്ങളുടെ ഐപിഎല്‍ ഫിക്‌സ്ച്ചർ പുറത്ത് വിട്ടിരുന്നു. ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് എസ്‌ആർഎച്ചിന്‍റെ സീസണിലെ ആദ്യ മത്സരം. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാർച്ച് 31-ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ലീഗിലെ ഈ സീസണിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇത്.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് ശേഷം 11 ദിവസങ്ങൾ കഴിഞ്ഞാകും ഐപിഎല്‍ ആരംഭിക്കുക. മൂന്ന് ഏകദിന മത്സരങ്ങളാകും പര്യടനത്തിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. മാർച്ച് 18-ന് കൊല്‍ക്കത്തയിലാണ് പര്യടനത്തിന്‍റെ ഭാഗമായുള്ള അവസാന മത്സരം.