മുംബൈ; കൊവിഡ് 19 വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഈ വർഷത്തെ എഡിഷൻ രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ സീസൺ ഏപ്രില്‍ 15ലേക്കാണ് നീട്ടിയത്. അതേസമയം, ടൂർണമെന്‍റ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താനും ധാരണയായി. ഏപ്രില്‍ 15വരെ സന്ദർശക, ബിസിനസ് വിസകൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണ് ഐപിഎല്‍ നീട്ടാൻ തീരുമാനിച്ചത്. വിസ റദ്ദാക്കിയ സാഹചര്യത്തില്‍ വിദേശ താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനാകില്ല. ഈ സാഹചര്യവും ബിസിസിഐ പരിഗണിച്ചു.
കൊവിഡില്‍ മുങ്ങി ഐപിഎല്‍; ഏപ്രില്‍ 15 ലേക്ക് നീട്ടി - BCCI
പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐയ്ക്ക് സുപ്രധാനമാണെന്നും ഈ സാഹചര്യത്തില്‍ ആരാധകർ ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവവമാണ് ബിസിസിഐയുടെ ലക്ഷ്യമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐയ്ക്ക് സുപ്രധാനമാണെന്നും ഈ സാഹചര്യത്തില്‍ ആരാധകർ ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവവമാണ് ബിസിസിഐയുടെ ലക്ഷ്യമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതായും ബിസിസിഐ സെക്രട്ടറി ജയ് ഷാ പുറത്തിറക്കിയ പ്രസ്താവന വിശദമാക്കുന്നു. കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ബിസിസിഐ അടക്കമുള്ള കായിക സംഘടനകൾക്ക് കത്ത് അയച്ചിരുന്നു.
ഒഴിവാക്കാനാകാത്ത മത്സരങ്ങളോ ടൂർണമെന്‍റുകളോ ഉണ്ടെങ്കില്‍ അടച്ചിട്ട മൈതാനത്ത് നടത്താനും സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ നീട്ടിവെച്ചെങ്കിലും നിലവില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മുൻ നിശ്ചയിച്ച പ്രകാരം നടക്കും. ധരംശാല ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഈമാസം 15 ന് ലഖ്‌നൗവില്‍ നടക്കുന്ന രണ്ടാം ഏകദിനവും 18ന് കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം ഏകദിനവും കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായി.