കേരളം

kerala

ETV Bharat / sports

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ അണ്ടർ-19 ടീമിന് ഉജ്ജ്വല വിജയം

ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 45 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു

India U-19  South Africa  U-19 World Cup  ഇന്ത്യന്‍ അണ്ടർ-19 ടീം വാർത്ത  ദക്ഷിണാഫ്രിക്ക വാർത്ത  അണ്ടർ-19 ലോകകപ്പ് വാർത്ത
അണ്ടർ-19 ക്രിക്കറ്റ്

By

Published : Dec 27, 2019, 11:33 PM IST

ഈസ്‌റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് എത്തിയ അണ്ടർ 19 ഇന്ത്യന്‍ ടീമിന് ആദ്യ മത്സരത്തില്‍ ഉജ്ജ്വല വിജയം. പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീം ഉയർത്തിയ 190 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യ 45 പന്ത് ശേഷിക്കെ സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരെ 15 പന്ത് ശേഷിക്കെ ഇന്ത്യ കൂടാരം കയറ്റി. 64 റണ്‍സെടുത്ത ലൂക്ക് ബ്യൂഫോർട്ട് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി രവി ബിഷ്നോയി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ എവി അങ്കോല്‍ക്കർ, ശുഭന്‍ഗ് ഹെഗ്ഡെ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. അർദ്ധ സെഞ്ച്വറിയോടെ 59 റണ്‍സെടുത്ത തിലക് വർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. അർദ്ധസെഞ്ച്വറിയോടെ 86 റണ്‍സെടുത്ത ഓപ്പണർ ദിവ്യാന്‍സ് സക്‌സേനയും 43 റണ്‍സെടുത്ത കുമാർ കുശാഗ്രയും പുറത്താകാതെ നിന്നു. ദിവ്യാന്‍സ് സക്‌സേനയാണ് കളിയിലെ താരം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യക്ക് 1-0 ത്തിന്‍റെ മുന്‍തൂക്കം ലഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടർ-19 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യയുടെ പര്യടനം.

ABOUT THE AUTHOR

...view details