രാജ്കോട്ട്:ഓസ്‌ട്രേലിയക്ക് എതിരെ തിരിച്ചടിച്ച് കോലിയും കൂട്ടരും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രാജ്കോട്ടില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന്‍റെ വിജയം.
341 റണ്‍സെന്ന വിജയ ലക്ഷ്യവുമായി രാജ്‌കോട്ടില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർ 49.1 ഓവറില്‍ 304 റണ്‍സെടുത്ത് കൂടാരം കയറി. സ്‌റ്റീവ് സ്‌മിത്തും മാർനസ് ലബുഷെയിനും മാത്രമാണ് ഓസിസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാമനായി ഇറങ്ങിയ സ്‌മിത്ത് 98 റണ്‍സെടുത്തും ലബുഷെയ്ന്‍ 46 റണ്‍സെടുത്തും പുറത്തായി. ഓപ്പണർമാരായ ഡേവിഡ് വാർണർ 15 റണ്‍സെടുത്തും ആരോണ്‍ ഫിഞ്ച് 33 റണ്‍സെടുത്തും പുറത്തായി.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണർമാരായ രോഹിത് ശർമ്മയും 42 റണ്‍സെടുത്തും ശിഖർ ധവാന്‍ 96 റണ്‍സെടുത്തും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. വണ്‍ ഡൗണായി ഇറങ്ങിയ നായകന്‍ വിരാട് കോലി 78 റണ്‍സെടുത്തും അഞ്ചാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തും തിളങ്ങി. 52 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പെടെ 80 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയക്കായി സ്‌പിന്‍ ബോളർ ആദം സാംപ മൂന്ന് വിക്കറ്റും കെയ്ന്‍ റിച്ചാർഡ്‌സണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
രാജ്കോട്ടില്‍ ജയിച്ചതോടെ 1-1ന് ഇന്ത്യ പരമ്പര സമനിലയിലാക്കി. ഇതോടെ ജനുവരി 19-ന് ബംഗളൂരുവില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം നിർണായകമാകും. ബംഗളൂരുവില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ മുബൈയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദർശകരോട് ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.