ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനം യാഥാർത്ഥ്യമാക്കാന്‍ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീം രണ്ടാഴ്‌ചവരെ ക്വാറന്‍റയിനില്‍ തുടരാന്‍ തയാറാണെന്ന് ബിസിസിഐ. ബിസിസഐയുടെ ഖജാന്‍ജി അരുണ്‍ ഡംബലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. സമാന സാഹചര്യമാണ് ടി20 ലോകകപ്പിന്‍റെ കാര്യത്തിലും സംഭവിക്കുക. ഇരു മത്സരങ്ങളും ആരും റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസിസ് പര്യടനത്തിനായി ടീം ക്വാറന്‍റയിനില്‍ പോകാന്‍ തയാർ: ബിസിസിഐ
ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ടി20 ലോകകപ്പും ഇതേവരെ റദ്ദാക്കിയിട്ടില്ലെന്നും ബിസിസിഐ
പരമ്പരയുടെ ഭാഗമായി നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. അതേസമയം ഒരു ടെസ്റ്റ് അധികം കളിക്കുന്നതിനെ കുറിച്ചും ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്. ലോക്ക്‌ഡൗണിന് മുമ്പാണ് ഇക്കാര്യം ബോർഡിന്‍റെ പരിഗണനക്ക് വന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും കൊവിഡ് 19-നെ തുടർന്ന് ക്രിക്കറ്റ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പര്യടനം നടന്നില്ലെങ്കില്‍ ഓസ്‌ട്രേലിയക്ക് 300 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്‍റെ നഷ്‌ടം സംഭവിക്കും.