കേരളം

kerala

ETV Bharat / sports

പുത്തൻ ഉടുപ്പിട്ട് ഇംഗ്ലീഷ് പരീക്ഷയെഴുതാൻ ഇന്ത്യ ഇന്നിറങ്ങും

മത്സരം എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്ക്. ഇന്ത്യ ആതിഥേയരെ നേരിടാനിറങ്ങുന്നത് പുതിയ ജേഴ്സിയില്‍. ഇന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയില്‍

പുത്തൻ ജേഴ്സിയില്‍ ഇംഗ്ലണ്ടിനെതിരെ വിജയക്കൊടി പാറിക്കാൻ ഇന്ത്യ

By

Published : Jun 30, 2019, 11:54 AM IST

Updated : Jun 30, 2019, 12:21 PM IST

ബിർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ പോരാട്ടം ഇന്ന്. ഏകദിന ക്രിക്കറ്റിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ഇന്ത്യയും ഇംഗ്ലണ്ടും എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. സെമിപ്രതീക്ഷകൾ നിലനിർത്താൻ ഇംഗ്ലണ്ടിന് ഇന്നത്തെ ജയം അനിവാര്യമാണ്. അതേസമയം ഇതുവരെയുള്ള മത്സരങ്ങളില്‍ തോല്‍വി അറിയാതെ എത്തുന്ന ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയില്‍ പ്രവേശിക്കും. ഇന്ത്യ ആദ്യമായി എവേ ജേഴ്സി അണിഞ്ഞിറങ്ങുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഇന്ത്യൻ താരങ്ങൾ പുത്തൻ ജേഴ്സിയില്‍

കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വി അറിയാതെയാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്. ബാറ്റ്സ്മാന്മാരെക്കാൾ ബൗളർമാരുടെ ഫോമാണ് ഇന്ത്യക്ക് ജയം സമ്മാനിക്കുന്നത്. മദ്ധ്യനിരയെ അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. നാലാമനായി ബാറ്റ് ചെയ്യുന്ന വിജയ് ശങ്കർ ഫോം കണ്ടെത്താത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. വിജയ് ശങ്കറിന് പകരം റിഷഭ് പന്തിനെയോ, ദിനേശ് കാർത്തിക്കിനെയോ ടീമില്‍ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല. രണ്ട് സെഞ്ച്വറി നേടിയെങ്കിലും രോഹിത് ശർമ്മ സ്ഥിരത പുലർത്തുന്നില്ല. കെ എല്‍ രാഹുലിന് വലിയ ഇന്നിങ്സുകൾ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. കഴിഞ്ഞ നാല് കളിയിലും അർദ്ധ സെഞ്ച്വറി നേടി കോഹ്‌ലിയാണ് ടീമിന്‍റെ നട്ടെല്ലും. എം എസ് ധോണി, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും കേദാർ ജാദവിന്‍റെ പ്രകടനം ഇന്ത്യയെ അലട്ടുന്നു.

ധോണി, കോഹ്‌ലി, രോഹിത്

ബുമ്ര, ഷമി, ചാഹല്‍, കുല്‍ദീപ് എന്നിവരടങ്ങിയ ബൗളിങ് നിരയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകൾ. രണ്ട് മത്സരങ്ങളിലായി എട്ട് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും നിർണായക വിക്കറ്റുകൾ വീഴ്ത്തുന്നതുമാണ് ബുമ്രയുടെ മികവ്. ഇന്ത്യൻ സ്പിന്നർമാരെ ഇംഗ്ലണ്ട് എങ്ങനെ നേരിടുമെന്നത് മത്സരത്തില്‍ നിർണായകമാകും. പരിക്ക് ഭേദമായെങ്കിലും ഫോമിലുള്ള ഷമിയെ മാറ്റി ഭുവനേശ്വർ കുമാറിനെ ടീമില്‍ ഉൾപ്പെടുത്തുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

ബുമ്രയും ഷമിയും

ഈ ലോകകപ്പില്‍ തുടക്കം മുതല്‍ മികച്ച വിജയങ്ങളുമായി മുന്നേറിയ ഇംഗ്ലണ്ട് ഇപ്പോൾ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേറ്റ തോല്‍വികൾ ഇംഗ്ലണ്ടിന്‍റെ സെമിപ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഇന്ന് ഇന്ത്യക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ആതിഥേയർ പ്രതീക്ഷിക്കുന്നില്ല. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിന്‍റെ സെമിയിലെത്താതെ പുറത്തുപോയാല്‍ ടീമിന് അത് വലിയ നാണക്കേടാകും സൃഷ്ടിക്കുക. ഇന്ന് പരാജയപ്പെട്ടാല്‍ ന്യൂസിലൻഡിനെതിരായ മത്സരം മാത്രമാണ് അവർക്ക് ശേഷിക്കുന്നത്. ബാറ്റ്സ്മാന്മാർ സ്ഥിരത പുലർത്താത്തതാണ് ഇംഗ്ലണ്ടിന്‍റെ തലവേദന. പരിക്കില്‍ നിന്ന് മോചിതനായ ജേസൺ റോയ് ഇന്ന് ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയേക്കും. ഓപ്പണിങ്ങില്‍ ബെയർസ്റ്റോ - റോയ് കൂട്ടുകെട്ടിന്‍റെ പ്രകടനം ഇംഗ്ലണ്ടിന് ആവശ്യമാണ്. റൂട്ട്, മോർഗൻ, ബട്‌ലർ, സ്റ്റോക്ക്സ് എന്നിവർ വലിയ ഇന്നിങ്സ് കാഴ്ചവയ്ക്കാൻ കഴിയുന്നവരാണ്. ജോഫ്ര ആർച്ചർ, മാർക്‌വുഡ്, വോക്സ്, മോയിൻ അലി എന്നിവരുടെ ബൗളിങ് ഇംഗ്ലണ്ടിന് നിർണായകമാവും.

യൂണിസെഫിന്‍റെ കുട്ടികൾക്കായി ഒരു ദിനം എന്ന പദ്ധതിയുടെ ഭാഗം കൂടിയായാണ് ഇന്ത്യൻ ടീം ഇന്ന് പുതിയ ജേഴ്സി അണിയുന്നത്. 'ക്രിക്കറ്റ് ഫോർ ഗുഡ്' എന്ന് ഐസിസിയുടെ പരിപാടിയുടെ ഭാഗം കൂടിയാണ് 'വൺ ഡേ ഫോർ ചില്‍ഡ്രൻ'. പുത്തൻ ജേഴ്സിയില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Last Updated : Jun 30, 2019, 12:21 PM IST

ABOUT THE AUTHOR

...view details