മെല്‍ബൺ: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ 70 റൺസിന്‍റെ വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറില്‍ മറികടന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് കളിയിലെ താരം. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് ഒപ്പമെത്തി (1-1). ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ്.
ബോക്‌സിങ് ഡേ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തം - ശുഭ്‌മാൻ ഗില്‍
ഇന്ത്യയുടെ ജയം എട്ട് വിക്കറ്റിന്. അജിങ്ക്യ രഹാനെ കളിയിലെ താരം. പരമ്പരയില്‍ ഓസ്‌ട്രേലിയക്കൊപ്പമെത്തി ഇന്ത്യ
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ് ഇന്നത്തെ ജയം. ആറ് വിക്കറ്റിന് 133 റൺസ് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസീസിനെ ഇന്ത്യൻ ബൗളർമാർ 200 റൺസിന് പുറത്താകുകയായിരുന്നു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. 70 റൺസിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് അഞ്ചാം ഓവറില്‍ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്‌ടമായി. തൊട്ടടുത്ത ഓവറില്‍ ചേതേശ്വർ പൂജാരയും പുറത്തായി. ആദ്യ ഇന്നിങ്സിലെ മികവ് രണ്ടാം ഇന്നിങ്സിലും തുടർന്ന ശുഭ്‌മാൻ ഗില്‍ 36 പന്തില്‍ നിന്ന് 35 റൺസും, നായകൻ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിങ്സില്‍ 195 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിങിന് മുന്നില്‍ ഓസീസ് ബാറ്റ്‌സ്‌മാൻമാർ പതറുന്ന കാഴ്‌ചയാണ് മെല്‍ബണില്‍ കണ്ടത്. ആദ്യ ഇന്നിങ്സില്‍ നായകൻ അജിങ്ക്യ രഹാനെ(112), രവീന്ദ്ര ജഡേജ(57), ശുഭ്‌മാൻ ഗില്‍(45) എന്നിവരുടെ മികവില്‍ ഇന്ത്യ 326 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്ര ആറും, മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ അഞ്ചും, ജഡേജ മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി. ഏഴ് വർഷത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമാണ് സിറാജ്.