കേരളം

kerala

ETV Bharat / sports

കിവീസ് ലോകകപ്പ് ഫൈനലില്‍; ജഡേജയുടെ പോരാട്ടം പാഴായി - ന്യൂസിലൻഡ്

ന്യൂസിലൻഡിന്‍റെ ജയം 18 റൺസിന്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് ഫൈനലില്‍ കടന്ന് ന്യൂസിലൻഡ്. പോരുതി നോക്കി ജഡേജയും ധോണിയും. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറി കളിയിലെ താരം

ഇന്ത്യയെ കീഴടക്കി കിവീസ് ലോകകപ്പ് ഫൈനലില്‍

By

Published : Jul 10, 2019, 7:31 PM IST

Updated : Jul 10, 2019, 8:42 PM IST

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയില്‍ ന്യൂസിലൻഡിനോട് പൊരുതി തോറ്റ് ഇന്ത്യ. 18 റൺസിന്‍റെ വിജയവുമായാണ് കിവീസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലെത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 240 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 221 റൺസിന് പുറത്തായി. ജഡേജയും ധോണിയും അർധ സെഞ്ച്വറിയുമായി പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

തകർപ്പൻ പ്രകടനം കാഴ്ചവച്ച് ജഡേജ

ഫൈനല്‍ പ്രതീക്ഷകളുമായി ന്യൂസിലൻഡിനെ നേരിടാനിറങ്ങിയ ഇന്ത്യ ഇത്തവണയും സെമിയില്‍ വീണു. ഇന്ത്യ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തുടക്കമാണ് ഇന്ന് മാഞ്ചസ്റ്ററില്‍ ലഭിച്ചത്. ഇന്ത്യൻ ടീമിന്‍റെ നെടുംതുണായ മുൻനിര ബാറ്റ്സ്മാന്മാർ ടീം സ്കോർ അഞ്ച് റൺസില്‍ നില്‍ക്കവെ കളംവിട്ടു. ലോകേഷ് രാഹുല്‍, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ ഓരോ റൺസ് വീതമെടുത്ത് പുറത്തായി. പത്താം ഓവറില്‍ ദിനേഷ് കാർത്തിക്കിനെയും ഇന്ത്യക്ക് നഷ്ടമായി.

ധോണി റണ്ണൗട്ടാകുന്നു

അഞ്ചാം വിക്കറ്റില്‍ റിഷഭ് പന്തും ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 47 റൺസ് മാത്രമാണ് ഇരുവർക്കും നേടാനായത്. റിഷഭ് പന്തും ഹാർദ്ദിക് പാണ്ഡ്യയും 32 റൺസെടുത്ത് പുറത്തായി. ഏഴാം വിക്കറ്റിലായിരുന്നു ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നല്‍കിയ കൂട്ടുക്കെട്ട് പിറന്നത്. ധോണിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചു. ധോണി സൂക്ഷ്മതയോടെയും കരുതലോടെയും ബാറ്റ് വീശിയപ്പോൾ തകർപ്പൻ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. 59 പന്തില്‍ നാല് ഫോറും നാല് സിക്സും സഹിതം 77 റൺസെടുത്താണ് ജഡേജ പുറത്തായത്. ഒരു പക്ഷെ ജഡേജ അവസാന പന്ത് വരെ നിന്നിരുന്നുവെങ്കില്‍ ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടിയേനെ. 72 പന്തില്‍ നിന്ന് 50 റൺസാണ് ധോണിയുടെ സമ്പാദ്യം.

കിവീസ് ലോകകപ്പ് ഫൈനലില്‍

പത്ത് ഓവറില്‍ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്. ട്രന്‍റ് ബോൾട്ട്, സാന്‍റനർ രണ്ട് വിക്കറ്റ് വീതവും ലോക്കീ ഫെർഗൂസൺ, ജയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

തുടർച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയാണ് ന്യൂസിലൻഡ് പുറത്തായത്. മൂന്നാം ലോകകപ്പ് എന്ന സ്വപ്നവുമായി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ ഇന്ത്യക്ക് കഴിഞ്ഞ വർഷത്തെ പോലെ സെമിയില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം വീണ്ടെടുക്കും എന്ന പ്രതീക്ഷ മാത്രമാണ് ഇന്ത്യൻ ആരാധകർക്കുള്ളത്.

Last Updated : Jul 10, 2019, 8:42 PM IST

ABOUT THE AUTHOR

...view details