കേരളം

kerala

ETV Bharat / sports

പരമ്പര റാഞ്ചാൻ ഇന്ത്യ ഇന്ന് റാഞ്ചിയില്‍

ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക്. മത്സരം ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍.

ധോണി

By

Published : Mar 8, 2019, 12:50 PM IST

Updated : Mar 8, 2019, 12:59 PM IST

ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് റാഞ്ചിയില്‍. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ടീമില്‍ കാര്യമായ അഴിച്ചു പണികൾ നായകൻ വിരാട് കോഹ്ലി നടത്തിയേക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഹോംഗ്രൗണ്ടിലെ അവസാനത്തെ മത്സരമായേക്കും ഇന്നത്തെ ഏകദിനം. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മുൻ നായകന് ജന്മനാട്ടില്‍ വീരോചിതമായ വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. റാഞ്ചി സ്റ്റേഡിയത്തില്‍ ഇന്ന് ധോണിയുടെ പേരിലുള്ള പുതിയ പവലിയനുംഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇന്നത്തെ ടീമില്‍ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മുന്നേറ്റ നിരയിലെ പാളിച്ചകളാണ് ടീമിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. തുടർച്ചയായി പരാജയപ്പെടുന്ന ശിഖർ ധവാന് പകരം കെ.എല്‍ രാഹുലിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കും. ലോകകപ്പ് സ്ക്വാഡില്‍ ഇടംനേടാൻ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാതെ രക്ഷയില്ല. മധ്യനിരയില്‍ റായുഡുവിന് പകരം റിഷഭ് പന്ത് ടീമില്‍ ഇടംനേടിയേക്കും. ഓൾറൗണ്ട് മികവ് തുടരുന്ന ജഡേജയും വിജയ് ശങ്കറിനെയും കോഹ്ലി ഒഴിവാക്കാൻ സാധ്യതയില്ല.

ഭുവനേശ്വർ കുമാർ തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ബൗളിംഗ് നിര കൂടുതല്‍ കരുത്തുറ്റതാകും. എന്നാല്‍ ഭുവി ടീമിലെത്തുന്നതോടെ ഷമിക്ക് ടീമില്‍ സ്ഥാനം നഷ്ടമാകും. ജഡേജയെ ഉൾപ്പെടുത്താൻ തീരുമാനിച്ചാല്‍ കുല്‍ദീപിന് വിശ്രമം നല്‍കി ചാഹലിനെ ഇന്ന് കളിപ്പിച്ചേക്കും.

ഇന്ന് ജയിച്ചാല്‍ രണ്ട് പ്രധാന നേട്ടങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാം. രണ്ടാമത്തെ പ്രധാന നേട്ടം ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്താം എന്നതാണ്. നിലവില്‍ 123 പോയിന്‍റുള്ള ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 122 പോയിന്‍റുള്ള ഇന്ത്യ മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ റേറ്റിംഗ് പോയിന്‍റ് ഉയർന്ന് ഒന്നാം റാങ്കിലെത്തും.

Last Updated : Mar 8, 2019, 12:59 PM IST

ABOUT THE AUTHOR

...view details