കാന്‍ബെറ: ഷഫാലി വർമ്മ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കിയെന്ന് ടീം ഇന്ത്യയുടെ ഉപനായിക സ്മൃതി മന്ദാന. ടി20 വനിതാ ലോകകപ്പില്‍ ഫെബ്രുവരി 27-ന് നടക്കാനിരുക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. വ്യാഴാഴ്‌ച ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ടീം ഇന്ത്യയുടെ മത്സരം. 16 വയസ് മാത്രം പ്രായമുള്ള ഷഫാലി നല്ലരീതിയില്‍ കളിക്കുന്നുണ്ടെന്ന് മന്ദാന പറഞ്ഞു. ഓപ്പണറെന്ന നിലയില്‍ ഷഫാലിക്കും തനിക്കും ടീമിനായി സംഭാവന ചെയ്യാനാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം ആവർത്തിച്ചാല്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താനാകുമെന്ന പ്രതീക്ഷയും സ്‌മൃതി മന്ദാന പങ്കുവെച്ചു.
ഷഫാലി ടീമിനെ സന്തുലിതമാക്കി: സ്‌മൃതി മന്ദാന - ഹർമന്‍പ്രീത് കൗർ വാർത്ത
നേരത്തെ വനിതാ ടി20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ സ്‌മൃതി മന്ദാന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല
നേരത്തെ ടി20 ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 11 പന്തില്‍ 10 റണ്‍സെടുത്ത് മന്ദാന പുറത്തായിരുന്നു. അന്ന് ഓസിസിന് എതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടർന്ന് താരം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പങ്കെടുത്തില്ല. അതേസമയം ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷഫാലി മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഓപ്പണറെന്ന നിലയില്‍ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്തിരുന്നു. 212 എന്ന ആകർഷകമായ ബാറ്റിങ് ശരാശരിയും ഷഫാലിക്കുണ്ട്. ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ 17 പന്തില്‍ നിന്നും 39 റണ്‍സെടുത്ത ഷഫാലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം ഉറപ്പാക്കി കൊടുത്തത്.