മുംബൈ: ആരാധകർക്ക് ഇനി ആശ്വസിക്കാം. താന്‍ സുഖമായിരിക്കുന്നു എന്ന് ആരാധകരെ അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഉടന്‍ ആശുപത്രി വിടുമെന്നും ആരാധകർക്ക് അയച്ച ശബ്ദസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ലാറയെ മുംബൈ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ സുഖം പ്രാപിക്കുന്നു
ഉടന്‍ ആശുപത്രി വിടുമെന്നും ആരാധകർക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ലാറ പറഞ്ഞു
ഇന്ന് എന്‍റെ ഹോട്ടല്‍ മുറിയിലേക്കെത്തും. എല്ലാവരും വിഷമത്തിലാണ് എന്ന് എനിക്കറിയാം. ജിമ്മില്‍ കുറച്ചു കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ഇടയില്‍ നെഞ്ചില്‍ വേദന അനുഭവപ്പെട്ടു. ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് ആശുപത്രിയിലേക്ക് വന്നു. ആശുപത്രിയിലെത്തിയിട്ടും നെഞ്ചുവേദന മാറിയില്ല. അതുകൊണ്ട് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടി വന്നുവെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററില്‍ പുറത്തുവിട്ട ലാറയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
ലോകകപ്പ് ബ്രോഡ്കാസ്‌റ്റേഴ്‌സിന് വേണ്ടി കളി വിലയിരുത്തുന്നതിനാണ് ലാറ മുംബൈയിലെത്തിയത്. തന്‍റെ ഫോണിലേക്ക് നിലയ്ക്കാത്ത വിളികളെത്തുന്നു. അതുകൊണ്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരും സന്തുഷ്ടരാണെന്ന് ലാറ കൂട്ടിച്ചേർത്തു.