വെസ്റ്റ് ഇൻഡീസ് ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്സുകൾ നേടുന്ന താരമെന്ന ഷാഹിദ് അഫ്രീദിയുടെ റെക്കോഡും യൂണിവേഴ്സല്‍ ബോസ് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍സ്വന്തമാക്കി.
സിക്സടിയില്‍ അഫ്രീദിയുടെ റെക്കോഡ് മറികടന്ന് ക്രിസ് ഗെയ്ല്‍
അഫ്രീദിയുടെ 476 സിക്സുകളെന്ന റെക്കോഡാണ് ഗെയില്‍ മറികടന്നത്. വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 50 ഓവറില്‍ 360 റൺസാണ് നേടിയത്. 135 റൺസ് നേടിയ ഗെയിലിന്‍റെ മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ടിന് സമ്മാനിച്ചത്. 23 സിക്സുകളാണ് ഒരു ഇന്നിംഗ്സില്‍ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻമാർ അടിച്ചുകൂട്ടിയത്. ഇതില്‍ പന്ത്രണ്ട് സിക്സും ഗെയിലിന്‍റെ സംഭാവനയായിരുന്നു. ഇതോടെ ഒരു ഏകദിന ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചു കൂട്ടിയ ടീമെന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തം പേരില്‍ കുറിച്ചു. ന്യുസിലാൻഡിന്‍റെപേരിലുണ്ടായിരുന്ന അഞ്ച് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വിൻഡീസ് മറികടന്നത്. വ്യക്തിഗത പട്ടികയില്‍481 സിക്സുകളാണ്ക്രിസ് ഗെയിലിനുള്ളത്.
360 റൺസിന്‍റെ കൂറ്റൻ സ്കോർ നേടിയെങ്കിലും ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. എട്ട് പന്തുകൾ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജേസൺ റോയ് 85 പന്തില്‍ നിന്ന് 123 റൺസും ജോ റൂട്ട് 97 പന്തില്‍ നിന്ന് 102 റൺസും നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.