ന്യൂഡല്‍ഹി:കൊവിഡ് 19ന് ശേഷം ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ടീം അംഗങ്ങളുടെ ക്വാറന്‍റയിന്‍ കാലാവധിയുമായി ബന്ധപ്പെട്ട് ആശങ്കപങ്കുവെച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം അവസാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. പര്യടനത്തിന്‍റെ ഭാഗമായി ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ടീം ഇന്ത്യ കളിക്കും.
ടീം അംഗങ്ങളുടെ ക്വാറന്‍റയിന്‍; ആശങ്ക പങ്കുവെച്ച് ഗാംഗുലി - team india news
ഈ വര്‍ഷം അവസാനം ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്‍റെ ക്വാറന്‍റയിന്‍ കാലാവധിയുമായി ബന്ധപ്പെട്ടാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആശങ്ക പങ്കുവെച്ചത്
വിദേശപര്യടനം നടത്തുമ്പോള്‍ ടീം അംഗങ്ങള്‍ 14 ദിവസം ക്വാറന്‍റയിനില്‍ കഴിയേണ്ടിവരുന്നതിനോട് യോജിക്കാനാകില്ല. ക്വാറന്‍റയിന്‍ ദിവസങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ദിവസം ക്വാറന്‍റയിനില്‍ കഴിയുന്നത് താരങ്ങളെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കും. വിദേശയത്ര നടത്തിയ ശേഷം ടീം അംഗങ്ങള്‍ 14 ദിവസം ഹോട്ടല്‍ മുറിയില്‍ കഴിയുന്ന കാര്യത്തില്‍ യോജിപ്പില്ല. നേരത്തെ കൊവിഡ് 19ന് ശേഷം ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസ് ടീം 14 ദിവസം ഇംഗ്ലണ്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി മെല്‍ബണ്‍ ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ നഗരങ്ങളിലെ കൊവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് മെല്‍ബണില്‍ കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അടുത്തിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന വിരാട് കോലിയും കൂട്ടരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഡിസംബര്‍ മൂന്നിനാണ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. പരമ്പരയുടെ ഭാഗമായി ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങല്‍ ഓസ്ട്രേലിയയില്‍ കളിക്കും.