ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിന് പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നല്‍കേണ്ടത് എന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. നായകനായിരുന്ന സമയത്ത് യുവതാരങ്ങളില്‍ വിശ്വാസമർപ്പിച്ചത് പോലെ ധോണിയുടെ കാര്യത്തിലും അവസരം കാത്തിരിക്കുന്ന താരങ്ങളെ പരിഗണിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
ധോണിക്കെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീർ
റിഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് ധോണിയുടെ പിൻഗാമികളായി ഗംഭീർ ചൂണ്ടിക്കാട്ടുന്നത്
ധോണിക്കെതിരെ ഒളിയമ്പ് എറിയാനും ഗംഭീർ മറന്നില്ല. മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോൾ ധോണി യുവതാരങ്ങൾക്ക് പ്രാധാന്യം നല്‍കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ കോമൺവെല്‍ത്ത് ബാങ്ക് സീരിസില്‍ തന്നോടും സച്ചിനോടും സേവാഗിനോടും നായകനായ ധോണി പറഞ്ഞത് ഇപ്പോഴും താൻ ഓർക്കുന്നു. ക്രിക്കറ്റ് ഗ്രൗണ്ട് വലുതായതിനാല്‍ നിങ്ങൾ മൂന്നുപേരെയും ഒരുമിച്ച് പരിഗണിക്കാനാവില്ലെന്നും യുവതാരങ്ങൾക്ക് അവസരം ഒരുക്കണമെന്നുമായിരുന്നു ധോണി പറഞ്ഞത്.
ധോണി വിരമിച്ചാല്‍ അദ്ദേഹത്തിന് പകരക്കാരനാവാൻ കഴിവുള്ള താരങ്ങളെയും ഗംഭീർ വെളിപ്പെടുത്തി. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസൺ, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ എന്നീ യുവവിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെയാണ് ധോണിയുടെ പിൻഗാമികളായി ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. ഈ താരങ്ങളെ വളർത്തിക്കൊണ്ട് വരികയെന്നത് അനിവാര്യമായ കാര്യമാണെന്നും ആവശ്യത്തിന് അവസരങ്ങൾ അവർക്കെല്ലാം നല്‍കണമെന്നും പറഞ്ഞ ഗംഭീർ കഴിവ് തെളിയിക്കുന്നവർ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവട്ടെയെന്നും കൂട്ടിച്ചേർത്തു.