കറാച്ചി:16 വര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ പര്യടനത്തിന് ഒരുങ്ങി ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ 14, 15 തീയതികളിൽ കറാച്ചിയിൽ രണ്ട് മത്സരങ്ങളുള്ള ടി20 പരമ്പരയാണ് ഇംഗ്ലണ്ട് ടീം കളിക്കുക.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി പര്യടനം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി)യും സ്ഥിരീകരിച്ചു. ഒക്ടോബർ 12 ന് ഇംഗ്ലണ്ട് ടീം കറാച്ചിയിൽ എത്തും. പര്യടനത്തിന് ശേഷം ഇരുടീമുകളും ഒക്ടോബർ 16ന് ഐസിസി ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്ത വര്‍ഷം ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ടി20 ലോകകപ്പ് നടക്കുക. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ഇംഗ്ലീഷ്, പാകിസ്ഥാന്‍ ടീമുകള്‍ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തുന്നത്.
2005ന് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്. ഇത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഒരു സുപ്രധാന നിമിഷമായി മാറും. അടുത്ത വർഷം ജനുവരിയിൽ പാക്കിസ്ഥാൻ സന്ദർശിക്കാൻ ഇംഗ്ലണ്ടിനെ പിസിബി ക്ഷണിച്ചിരുന്നു. എന്നാല്‍ മുൻനിര കളിക്കാരുടെ ലഭ്യതയും ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും പര്യടനം റീ ഷെഡ്യൂള്‍ ചെയ്യാന്‍ ഇസിബിയെ നിർബന്ധിച്ചു. അടുത്ത വര്‍ഷം ഒക്‌ടോബറില്‍ ഇംഗ്ലീഷ് ടീം പാകിസ്ഥാന്‍ പര്യടനം നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാൻ പറഞ്ഞു.
പരമ്പരക്ക് മുന്നോടിയായി ലോകോത്തര നിലവാരത്തിലുള്ള ക്രമീകരണങ്ങള്‍ പിസിബി ഏര്‍പ്പെടുത്തും. ഇതിലൂടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമാകാന്‍ ഇംഗ്ലീഷ് താരങ്ങളില്‍ താല്‍പര്യം വളര്‍ത്തിയെടുക്കാനും പിസിബി ലക്ഷ്യമിടുന്നു. 2005ലാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് അന്ന് പാകിസ്ഥാനില്‍ ഇംഗ്ലണ്ട് കളിച്ചത്. 2012 ലും 2015 ലും ഇരുടീമുകളും തമ്മിലുള്ള തുടർന്നുള്ള പരമ്പരകള്‍ യുഎഇയിലാണ് നടന്നത്. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ഈ വര്‍ഷം ആദ്യ പകുതിയില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയിരുന്നു. അന്ന് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
പിസിബിയുമായി ശക്തമായ ബന്ധമുണ്ടെന്ന് പ്രതികരിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാനില്‍ സുരക്ഷിതമായ ക്രിക്കറ്റിന്‍റെ തിരിച്ച് വരവ് ഉറപ്പാക്കുന്നതിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് താരങ്ങളുടെയും സ്റ്റാഫുകളുടെയും സുരക്ഷയും ക്ഷേമവും പരമപ്രധാനമായിരിക്കും. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ പദ്ധതികളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ പിസിബിയുമായി ചേർന്ന് പ്രവർത്തിക്കും. പ്രത്യേകിച്ച് കൊവിഡ് 19നുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തും. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും.