കൊളംബോ: ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനം 2021 ജനുവരിയിലേക്ക് മാറ്റി. ക്രിക്കറ്റ് ശ്രീലങ്ക സിഇഒ ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇംഗ്ലീഷ് ടീമിന്‍റെ ലങ്കന്‍ പര്യടനം മാർച്ചില്‍ ആരംഭിച്ചെങ്കിലും കൊവിഡ് 19-നെ തുടർന്ന് പൂർത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു. മാർച്ചില്‍ 10 ദിവസം പര്യടനത്തിന്‍റെ ഭാഗമായി ലങ്കയില്‍ കഴിഞ്ഞ ഇംഗ്ലീഷ് ടീം വാം അപ്പ് മാച്ചും കളിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകളുള്ള പരമ്പരയാണ് പര്യടനത്തിന്‍റെ ഭാഗമായി ടീം ലങ്കയില്‍ കളിക്കാന്‍ ഉദ്ദേശിച്ചത്.
ഇംഗ്ലീഷ് ടീമിന്‍റെ ലങ്കന്‍ പര്യടനം 2021 ജനുവരിയില്‍ - ഇംഗ്ലണ്ട് ടീം വാർത്ത
നേരത്തെ മാർച്ചില്‍ കൊവിഡ് 19 കാരണം ഇംഗ്ലീഷ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനം പാതി വഴിയില്‍ മാറ്റിവെക്കുകയായിരുന്നു
ഇസിബി
അതേസമയം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യന്‍ പര്യടനം ജനുവരിയില്‍ നടക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യക്കെതിരെ കളിക്കുക. കൊവിഡ് 19-നെ തുടർന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അന്താരാഷ്‌ട്ര തലത്തില്‍ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനവും ഐപിഎല്‍ മത്സരവും അനിശ്ചിതമായി മാറ്റിവെച്ചിട്ടുണ്ട്.