കേരളം

kerala

ETV Bharat / sports

ഓസീസ് വീണു; ഫൈനലില്‍ ന്യൂസിലൻഡിന് എതിരാളികൾ ഇംഗ്ലണ്ട് - ന്യൂസിലൻഡ്

ഇംഗ്ലണ്ടിന്‍റെ ജയം എട്ട് വിക്കറ്റിന്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലൻഡുമായി ഏറ്റുമുട്ടും

ഓസീസ് വീണു; ഫൈനലില്‍ ന്യൂസിലൻഡിന് എതിരാളികൾ ഇംഗ്ലണ്ട്

By

Published : Jul 11, 2019, 9:54 PM IST

Updated : Jul 11, 2019, 10:55 PM IST

ബിർമിങ്ഹാം: ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിന്‍റെ ജയം എട്ട് വിക്കറ്റിന്. ജേസൺ റോയ്ക്ക് അർധ സെഞ്ച്വറി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഇരുടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല.

ഇംഗ്ലണ്ട് ടീം

ഓസ്ട്രേലിയ ഉയർത്തിയ 224 റൺസിന്‍റെ വിജയലക്ഷ്യം ഇംഗ്ലണ്ട് 33ാം ഓവറില്‍ മറികടന്നു. മികച്ച തുടക്കമാണ് ഓപ്പണർമാർ ഇംഗ്ലണ്ടിന് നല്‍കിയത്. 124 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റില്‍ നേടിയത്. ജേസൺ റോയ് 65 പന്തില്‍ നിന്ന് 85 റൺസെടുത്തപ്പോൾ ജോണി ബെയർസ്റ്റോ 34 റൺസെടുത്താണ് പുറത്തായത്. ഇരുവരും പുറത്തായതോടെ ഒത്തുചേർന്ന ജോ റൂട്ടും നായകൻ ഓയിൻ മോർഗനും ഇംഗ്ലണ്ടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. റൂട്ട് 49 റൺസും മോർഗൻ 45 റൺസുമെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ഇംഗ്ലണ്ട് ബൗളിങ് നിര എറിഞ്ഞിട്ടു. ഇംഗ്ലണ്ട് പേസർമാരുടെയും സ്പിന്നർമാരുടെയും മുന്നില്‍ ഓസീസ് ബാറ്റിങ് നിര പതറുന്ന കാഴ്ചയാണ് ബിർമിങ്ഹാമില്‍ കണ്ടത്. സ്റ്റീവ് സ്മിത്തും(85) അലക്സ് കാറെയും(46) മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സും ആദില്‍ റാഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ രണ്ടും മാർക്ക്‌വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ട് ന്യൂസിലൻഡ് ലോകകപ്പ് ഫൈനല്‍

ഇംഗ്ലണ്ടും ന്യൂസിലൻഡും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ലോകകപ്പിന് പുതിയ അവകാശികൾ ഉണ്ടാകുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടിന്‍റെ നാലാം ലോകകപ്പ് ഫൈനലാണിത്. 1992 ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി ഫൈനലില്‍ കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാകിസ്ഥാൻ കപ്പ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിലാണ് ന്യൂസിലൻഡ് ആദ്യമായി ഫൈനലില്‍ പ്രവേശിച്ചത്. അന്ന് ഓസ്ട്രേലിയയോട് ഏഴ് വിക്കറ്റിന്‍റെ പരാജയം ന്യൂസിലൻഡ് വഴങ്ങി. ലോകകപ്പിന്‍റെ പുതിയ അവകാശിയെ അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കാം.

Last Updated : Jul 11, 2019, 10:55 PM IST

ABOUT THE AUTHOR

...view details