ഹൈദരാബാദ്: സഹതാരങ്ങളായ ആർപി സിങ്ങിനും പീയൂഷ് ചൗളക്കും പാനിപൂരി വിതരണം ചെയ്യുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌പൂണ്‍ ഉപയോഗിച്ച് ധോണി പാനിപൂരി നിറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മാലിദ്വീപില്‍ നിന്നെന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ധോണിയില്‍ നിന്നും പാനിപൂരി ആർപി സിങ്ങ് സ്വീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നിലവില്‍ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സംഘത്തില്‍ ആർ പി സിങ്ങും ഉൾപ്പെട്ടിട്ടുണ്ട്. ചീഫ് സെലക്‌ടറെയും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുകയാകും ഉപദേശക സമിതിയുടെ ആദ്യ ചുമതല.
നേരത്തെ ധോണി വോളിബോൾ കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കറുത്ത ടീ ഷർട്ട് അണിഞ്ഞ ധോണി ബീച്ചില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
രണ്ട് തവണ ടീം ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീമിന്‍റെ നായകനായ ധോണി 2019-ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായിരുന്നു. ധോണി ഇതിനകം രാജ്യത്തിന് വേണ്ടി 350 ഏകദിനങ്ങളും 90 ടെസ്‌റ്റും 98 ടി-20 കളും കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പും ടി-20 ലോകകപ്പും സ്വന്തമാക്കിയ ഏക നായകന്‍ എംഎസ് ധോണിയാണ്. ഐസിസിയുടെ ടെസ്‌റ്റ്, ഏകദിന റാങ്കിങ്ങുകളില്‍ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനും ധോണിക്കായി.