ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ നായകൻ, 28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് തിരികെയെത്തിച്ച ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാൾ, മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ, മഹേന്ദ്ര സിംഗ് ധോണി എന്ന മാഹിക്ക് വിശേഷണങ്ങൾ നിരവധിയാണ്. 2004 മുതല്‍ ഇന്ത്യൻ ജേഴ്‌സി നെഞ്ചോട് ചേർത്ത ധോണി 16 വർഷങ്ങൾക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. മാഹിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് കടുത്ത നിരാശയാണ് ധോണിയുടെ ഈ പ്രഖ്യാപനം നല്‍കിയിരിക്കുന്നത്.
റാഞ്ചിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരു നാട്ടിൻപുറത്തുകാരൻ ക്രിക്കറ്റ് ഇതിഹാസമായതിന് പിന്നില്‍ ഒരുപാട് കഷ്‌ടപാടുകളുടെയും കഠിനപ്രയ്‌തനത്തിന്‍റെയും കഥയുണ്ട്. ജീവിതത്തില്‍ ഒന്നും അസാധ്യമല്ല എന്നതിന് ഉത്തമഉദാഹരണമാണ് ധോണിയുടെ ജീവിതം. തന്‍റെ പരിമിതികളെ മനസിലാക്കി അദ്ദേഹം മുന്നേറിയതുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിന് മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്‌റ്റൻ കൂളിനെ ലഭിച്ചത്.
സീനിയർ താരങ്ങൾ പിന്മാറിയ 2007ലെ ടി-20 ലോകകപ്പില്‍ നായകനായി ധോണിയെ തിരഞ്ഞെടുത്തപ്പോൾ നെറ്റിചുളിച്ചവർക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ നേട്ടങ്ങളും. അന്ന് പ്രഥമ ടി-20 ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി. പിന്നീട് ഇന്ത്യക്ക് ലഭിച്ചത് ഇന്ത്യൻ ക്രിക്കറ്റ് അസാധ്യം എന്ന് കരുതിയിരുന്ന പലതും സ്വന്തമാക്കാൻ ടീമിനെ നയിച്ച നായകനെയാണ്. അസഹ്‌റുദ്ദീൻ, ഗാംഗുലി ഉൾപ്പെടെയുള്ള മികവ് തെളിയിച്ച നായകന്മാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടും 1983ന് ശേഷം ഇന്ത്യക്ക് ലോകകിരീടം നേടികൊടുക്കാൻ മഹേന്ദ്ര സിംഗ് ധോണി വേണ്ടിവന്നു.
ധോണി ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു നായകനായത് കേവലം ഭാഗ്യം കൊണ്ട് മാത്രമല്ല എന്നത് ക്രിക്കറ്റിനെ പിന്തുടരുന്ന ഏതൊരു വ്യക്തിക്കും മനസിലാകുന്ന കാര്യമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെ കടന്നുപോയതുകൊണ്ടാകാം ധോണി എന്ന നായകൻ കളിക്കളത്തില്‍ എന്നും ശാന്തനായിരുന്നു. അമിതമായി ആഹ്ലാദിക്കാത്ത എന്നാല്‍ സഹതാരങ്ങളോട് കോപിക്കാത്ത ധോണിയെ പോലെയൊരു നായകനോ താരമോ ഇന്ത്യൻ ക്രിക്കറ്റിന് ഇനി ലഭിക്കാൻ പോകുന്നില്ല. ഓരോ കളിക്കാരനെയും മനസിലാക്കി ഉപയോഗിക്കാൻ സാധിച്ചതാണ് ധോണി എന്ന നായകന്‍റെ ഏറ്റവും വലിയ വിജയം. ഏത് സന്ദർഭത്തിലും എത്ര സമർദ്ദത്തില്‍ നിന്നാലും മത്സരത്തിന്‍റെ ഗതിയെകുറിച്ച് അസാമാന്യ ധാരണയുണ്ടായിരുന്നു ധോണിക്ക്. നിർണായക നിമിഷങ്ങളില്‍ ബൗളർമാരെ തിരഞ്ഞെടുക്കുന്നതിലും ഫീല്‍ഡർമാരുടെ സ്ഥാനം നിർണയിക്കുന്നതിലും എതിർടീമുകളെ വരെ ഞെട്ടിച്ചിട്ടുണ്ട് ധോണി.
ഫോം കണ്ടെത്താനാകാതെ ടീമില്‍ തുടർന്നപ്പോൾ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖരും മുറവിളി കൂട്ടിയപ്പോഴും അനാവശ്യമായിട്ട് ഒരു വിവാദത്തിനും ധോണി പോയില്ല. ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോൾ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ആരാധകരെ മാത്രമല്ല ലോകക്രിക്കറ്റിനെ തന്നെയാണ് ഞെട്ടിച്ചിരിക്കുന്നത്. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ലളിതമായി പറഞ്ഞുനിർത്തി "ഇതുവരെ നിങ്ങൾ നല്‍കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. 19:29 മുതല്‍ ഞാൻ വിരമിച്ചതായി കണക്കാക്കുക".