കൊവിഡ് ഫലം നെഗറ്റീവ്; സൂപ്പർകിംഗ്‌സ് പരിശീലനം നാലിന് ആരംഭിക്കും - സിഎസ്‌കെ
ചഹാറിനും റിത്തുരാജിനും 14 ദിവസത്തെ നിരീക്ഷണം കൂടി നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് പരിശോധനാഫലം. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായതായി ടീം സിഇഒ കെ.എസ് വിശ്വനാഥൻ അറിയിച്ചു. ഇതോടെ ടീമിന്‍റെ പരിശീലന ക്യാമ്പ് സെപ്‌റ്റംബര്‍ നാലിന് ആരംഭിക്കുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു. പേസര്‍ ദീപക് ചഹാര്‍, ബാറ്റ്‌സ്‌മാൻ രുത്തുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മറ്റ് 13 സ്‌റ്റാഫുകള്‍ക്കും കൊവിഡ് പോസിറ്റീവായത് ടീമില്‍ വലിയ ആശങ്ക സൃഷ്‌ടിച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ചഹാറിനും റിത്തുരാജിനും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും 14 ദിവസത്തെ നിരീക്ഷണം കൂടി നിര്‍ദേശിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും ഇവര്‍ ടീമിനൊപ്പം ചേരുക. കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ടൂര്‍ണമെന്‍റ് സെപ്‌റ്റംബര്‍ 19 മുതലാണ് ആരംഭിക്കുക. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. അതേസമയം വ്യക്തിപരമായി കാരണങ്ങളാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറിയ സുരേഷ് റെയ്‌നയ്‌ക്ക് പകരും ആര് ടീമിലെത്തുമെന്ന് മാനേജ്‌മെന്‍റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.