സിഡ്‌നി:ഇതിഹാസ ക്രിക്കറ്റ് താരം സച്ചന്‍ ടെന്‍ഡുല്‍ക്കറുടെ 100 അന്താരാഷ്‌ട്ര സെഞ്ച്വറികൾ എന്ന റെക്കോഡ് വിരാട് കോലി മറികടക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ പേസർ ബ്രെറ്റ് ലീ. കഴിവും ശാരീരിക ക്ഷമതയും മനോബലവും ഉണ്ടെങ്കില്‍ സച്ചിന്‍റെ റെക്കോഡ് തകർക്കാം. കോലിക്ക് ഇത് മൂന്നുമുണ്ട്. ഇന്നത്തെ നിലയില്‍ അടുത്ത എഴ്, എട്ട് വർഷം കൂടി കോലി കളിക്കുകയാണെങ്കില്‍ സച്ചിന്‍റെ റെക്കോഡ് തകർക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.
സച്ചിന്‍റെ 100 സെഞ്ച്വറിയെന്ന റെക്കോഡ് കോലി മറികടക്കും: ബ്രെറ്റ് ലീ
ഇന്നത്തെ നിലയില്‍ അടുത്ത എഴ്, എട്ട് വർഷം കൂടി കോലി കളിക്കുകയാണെങ്കില്‍ സച്ചിന്‍റെ 100 സെഞ്ച്വറിയെന്ന റെക്കോഡ് തകർക്കാനാകുമെന്ന പ്രതീക്ഷയാണ് ബ്രറ്റ് ലീ പങ്കുവെച്ചത്
പക്ഷേ നാം സച്ചിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഒരാൾക്ക് എങ്ങനെ ദൈവത്തെ മറികടക്കാനാകും. അത് നമുക്ക് കാത്തിരുന്ന് കാണാമെന്നും മുന്‍ ഓസിസ് പേസർ കൂട്ടിച്ചേർത്തു. സച്ചിന്‍റെ 100 അന്താരാഷ്‌ട്ര സെഞ്ച്വറി എന്ന റെക്കോഡ് തകർക്കാന്‍ കോലിക്ക് ഇനി 29 സെഞ്ച്വറികൾ കൂടി മതി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് സച്ചിന്‍റെ പേരിലാണ്. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ സ്വന്തമാക്കിയത്. അതേസമയം നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനകം 248 മത്സരങ്ങളില്‍ നിന്നായി 43 ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കി.
ടെസ്റ്റിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സച്ചിന്‍റെ പേരിലാണ്. 51 ടെസ്റ്റ് സെഞ്ച്വറികളാണ് സച്ചിന്‍ സ്വന്തമാക്കിയത്. അതേസമയം 86 മത്സരങ്ങളില്‍ നിന്നായി കോലി ഇതിനകം 27 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. 43കാരനായ ബ്രെറ്റ് ലീ തന്‍റെ കരിയറില്‍ 76 ടെസ്റ്റ് മത്സരങ്ങളും 221 ഏകദിനങ്ങളും കളിച്ചു.