ജമ്മു: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ ഫ്രീ കശ്‌മീർ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ജമ്മു കശ്മീർ സംസ്ഥാന പ്രസിഡന്‍റ് രവീന്ദർ റെയ്‌ന. ഇന്ത്യയുടെ ചരിത്രം അഫ്രീദി പരിശോധിക്കണം. ഇന്ത്യക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള അനർത്ഥത്തിന് ശ്രമിക്കുമ്പോഴെല്ലാം പാകിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് കശ്‌മീരിലെ ബിജെപി നേതൃത്വം
ഇന്ത്യക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള അനർത്ഥത്തിന് ശ്രമിക്കുമ്പോഴെല്ലാം പാകിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിജെപിയുടെ ജമ്മു കശ്മീർ സംസ്ഥാന പ്രസിഡന്‍റ് രവീന്ദർ റെയ്‌ന
ഇന്ത്യക്ക് എതിരെ മോശം പരാമർശവുമായി വരുന്നത് അഫ്രീദി ഒഴിവാക്കണം. അദ്ദേഹം നിരാശാജനകനും വെറിപിടിച്ചതുമായ ക്രിക്കറ്ററാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം പന്തെറിയുമ്പോൾ അവസരം ലഭിക്കുമ്പോഴെല്ലാം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വീരേന്ദ്ര സേവാഗും രാഹുല്‍ ദ്രാവിഡും വേണ്ട രീതിയില്‍ പ്രഹരിച്ചിട്ടുണ്ട്. അത് അഫ്രീദി മറക്കരുതെന്നും രവീന്ദർ റെയ്‌ന പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദികളെ കശ്മീരിലേക്ക് തള്ളിവിട്ടു. എന്നാല്‍ അയൽരാജ്യത്തിന്‍റെ ഗൂഢാലോചനയെ ഇന്ത്യന്‍ സൈന്യം പരാജയപെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.