ലോർഡ്‌സ്: ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് കിരീടം നേടുമ്പോൾ വീരനായകനായത് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സാണ്. കഴിഞ്ഞ വർഷം ജൂലായ് 14 നടന്ന ലോകകപ്പ് ഫൈനല്‍ ലോകക്രിക്കറ്റിലെ തന്നെ ക്ലാസിക് ഫൈനലുകളിലൊന്നാണ്. അൻപത് ഓവർ മത്സരവും പിന്നീട് നടന്ന സൂപ്പർ ഓവറും സമനിലയിലേക്ക് വഴിമാറിയപ്പോൾ ബൗണ്ടറികളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിന് കിരീടം സ്വന്തമായത്. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി 84 റൺസ് സ്വന്തമാക്കിയ ബെൻ സ്റ്റോക്‌സിന്‍റെ മികവിലാണ് ഇംഗ്ലണ്ട് മത്സരം സമനിലയിലാക്കിയത്. പിന്നീട് സൂപ്പർ ഓവറില്‍ ബാറ്റ് ചെയ്യാൻ മികച്ച ഫോമിലുള്ള ബെൻ സ്റ്റോക്‌സിനെ തന്നെയാണ് ഇംഗ്ലണ്ട് നിയോഗിച്ചതും. പക്ഷേ ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തില്‍ ബെൻ സ്റ്റോക്സ് സമ്മർദ്ദത്തെ അതിജീവിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം. 50 ഓവർ പൂർത്തിയായപ്പോൾ മത്സരം സമനില. ഡ്രസിങ് റൂമിലെത്തിയ സ്‌റ്റോക്‌സ് നേരെ പോയത് കുളിമുറിയിലേക്ക്. അവിടെ ഒരു സിഗററ്റിന് തിരി കൊളുത്തി സ്റ്റോക്‌സ് ശാന്തനായി.
ഒന്ന് പുകച്ചു, പിന്നെ കണ്ടത് പിച്ചില്‍ ആളിപ്പടർന്ന ബെൻ സ്റ്റോക്‌സിനെ - നിക്ക് ഹൗൾട്ട്, സ്റ്റീവ് ജെയിംസ്
നിക്ക് ഹൗൾട്ട്, സ്റ്റീവ് ജെയിംസ് എന്നിവർ ചേർന്ന് എഴുതിയ " മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി " എന്ന പുസ്‌തകത്തിലാണ് ബെൻ സ്റ്റോക്സ് സമ്മർദ്ദത്തെ അതിജീവിക്കാൻ പുകവലിച്ചതിനെ കുറിച്ച് പറയുന്നത്.
നിക്ക് ഹൗൾട്ട്, സ്റ്റീവ് ജെയിംസ് എന്നിവർ ചേർന്ന് എഴുതിയ " മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി " എന്ന പുസ്‌തകത്തിലാണ് സ്റ്റോക്സ് സമ്മർദ്ദത്തെ അതിജീവിക്കാൻ പുകവലിച്ചതിനെ കുറിച്ച് പറയുന്നത്. കാണികൾ തിങ്ങി നിറഞ്ഞ ലോർഡ്‌സ് മൈതാനം. എവിടെയും കാമറകൾ മാത്രം. അടുത്ത മിനിട്ടില്‍ സൂപ്പർ ഓവറിനായി മൈതാനത്തേക്ക് ഇറങ്ങണം. ഇതിനെയെല്ലാം മറികടന്ന് ആരും കാണാതെ ബെൻ സ്റ്റോക്‌സ് ഒരു സിഗററ്റും ലൈറ്ററും എടുത്ത് നേരെ പോയത് കുളിമുറിയിലേക്കാണ്. സ്റ്റോക്സിന് ലോർഡ്‌സ് മൈതാനത്തെ മുക്കും മൂലയും സുപരിചിതമാണ്. ക്യാപ്റ്റൻ ഇയാൻ മോർഗൻ സൂപ്പർ ഓവർ പ്ലാൻ ചെയ്ത് കഴിഞ്ഞപ്പോഴേക്കും സിഗററ്റിന്‍റെ ആശ്വാസത്തില്‍ സ്റ്റോക്‌സ് തിരിച്ചെത്തി. സ്റ്റോക്‌സ് സൂപ്പർ ഓവർ ബാറ്റ് ചെയ്തു. ഇംഗ്ലണ്ടിന് വിജയിക്കാവുന്ന സ്കോറും സമ്മാനിച്ചു. പിന്നീട് നടന്നത് ചരിത്രം. സൂപ്പർ ഓവറില്‍ രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വിജയ റൺ നേടാനായില്ല. ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ലോക കിരീടം ഇംഗ്ലണ്ടിന്. കളിയിലെ കേമനായി സാക്ഷാല്‍ ബെൻ സ്റ്റോക്സിനെ തെരഞ്ഞെടുക്കുകയും ചെയ്തു.