ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. താരത്തിനുള്ള ആദരവായി യുവിയുടെ 12ാം നമ്പർ ജേഴ്സി ബിസിസിഐ ഒഴിച്ചിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരവും എംപിയുമായ ഗൗതം ഗംഭീർ.
യുവിയുടെ 12ാം നമ്പർ ജേഴ്സി ഒഴിച്ചിടണം : ഗൗതം ഗംഭീർ - വിരമിക്കല്‍
നീണ്ട 19 വർഷത്തെ അന്താരാഷ്ട്ര കരിയറിന് അവസാനമിട്ട് യുവരാജ് സിംഗ്
2007 ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോൾ ടീമില്‍ അംഗങ്ങളായിരുന്നു ഗംഭീറും യുവരാജും. ഇരുവരുടെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യക്ക് കിരീടം നേടി കൊടുത്തതും. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമായിരുന്നു യുവി എന്നും ഗംഭീർ ട്വിറ്ററില്‍ കുറിച്ചു. യുവിയുടെ പന്ത്രണ്ടാം നമ്പർ ജേഴ്സി മറ്റ് താരങ്ങൾക്ക് കൊടുക്കാതെ ബിസിസിഐ ഒഴിച്ചിടണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. യുവരാജിനെ പോലെ ബാറ്റ് ചെയ്യാൻ തനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു.
2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി-20കളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 402 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 11788 റൺസും യുവരാജ് സിംഗ് നേടി.