കേരളം

kerala

ETV Bharat / sports

സൂപ്പർ താരങ്ങളുടെ പരിശീലനം ഉടന്‍ ആരംഭിക്കില്ലെന്ന് ബിസിസിഐ

നാലാം ഘട്ട ലോക്ക്‌ഡൗണിന്‍റെ ഭാഗമായി സ്റ്റേഡിയങ്ങളും സ്‌പോർട്സ് കോപ്ലക്‌സുകളും തുറക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്

By

Published : May 18, 2020, 8:43 PM IST

ഹൈദരാബാദ്: സൂപ്പർ താരങ്ങളുടെ പരിശീലന പരിപാടി ഉടന്‍ ആരംഭിക്കേണ്ടെന്ന് ബിസിസിഐ. താരങ്ങളുടെ യാത്രാ സൗകര്യം ഉൾപ്പെടെ ഉറപ്പാക്കിയ ശേഷമാകും ദേശീയ ടീമിന്‍റെ പരിശീലന പരിപാടികൾ പുനരാരംഭിക്കുക. ഇപ്പോൾ ഇന്ത്യന്‍ ടീമിലെ താരങ്ങൾ സ്വദേശത്ത് കുടുംബത്തോടൊപ്പം കഴിയുകയാണ്. അവരെ സുരക്ഷ ഉറപ്പാക്കി പരിശീലനത്തിനായി തിരിച്ചെത്തിക്കുകയെന്നത് ബിസിസിഐക്ക് ഏറെ ശ്രമകരമാകും. ഈ സാഹചര്യത്തിലാണ് പരിശീലനം നീട്ടിവെക്കുന്നത്.

അതേസമയം ബിസിസിഐ പ്രാദേശിക തലത്തില്‍ ക്രിക്കറ്റ് പരിശീലന പരിപാടികൾ പുനരാരംഭിക്കാന്‍ നീക്കം ആരംഭിച്ചു. പരിശീലനം പുനരാരംഭിക്കുന്നതിനായി സംസ്ഥാന അസോസിയേഷനുകളുമായി ചേർന്ന് ബിസിസിഐ പ്രവർത്തിക്കും. ഇതിനായി വിവിധ സംസ്ഥാന സർക്കാരുകൾ പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങളും ബിസിസിഐ പരിശോധിക്കും.

കൊവിഡ് 19(ഫയല്‍ ചിത്രം).

എന്നാല്‍ കായികതാരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സുരക്ഷയും ക്ഷേമവുമാണ് പരമപ്രധാനമെന്ന് ബിസിസിഐ ആവർത്തിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളെ തടസ്സപ്പെടുത്താനോ അപകടത്തിലാക്കാനോ ഇടയാക്കുന്ന ഒരു തീരുമാനവും ബോർഡ് തിരക്കിട്ട് എടുക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.

രാജ്യത്ത് ഇതിനകം കൊവിഡ് 19 ബാധിച്ച് 3,000ത്തോളം പേർ മരിച്ചു. 95,000-ത്തില്‍ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം ലോകത്ത് ആകമാനം ഇതിനകം 3.15 ലക്ഷം പേരോളം കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details