ന്യൂഡല്‍ഹി: ഒരേസമയം രണ്ട് ജോലികൾ വേണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കറോടും സൗരവ് ഗാംഗുലിയോടും ബിസിസിഐ എത്തിക്‌സ് കമ്മിറ്റി. എത്തിക്‌സ് കമ്മിറ്റി തലവന്‍ ഡികെ ജെയിനാണ് ഉത്തരവ് ഇറക്കിയത്. നിലവിൽ ബിസിസിഐയുടെ ഔദ്യോഗിക പദവി വഹിക്കുന്ന സച്ചിനും ഗാംഗുലിയും ക്രിക്കറ്റ് ലോകകപ്പിൽ കമന്‍റേറ്റർമാരായി പങ്കെടുക്കുന്ന സാഹചര്യത്തിലാണ് എത്തിക്സ് കമ്മിറ്റിയുടെ പ്രസ്താവന.
ഒരേസമയം ഒന്നിലധികം ചുമതലകൾ വേണ്ടന്ന് ഇതിഹാസ താരങ്ങളോട് ബിസിസിഐ - ബിസിസിഐ എത്തിക്‌സ് കമ്മിറ്റി
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവർ നിലവിൽ ലോകകപ്പിലെ കമന്‍റേറ്റർമാരായി പങ്കെടുക്കുന്ന സാഹചര്യത്തിലാണ് എത്തിക്സ് കമ്മിറ്റിയുടെ പ്രസ്താവന.
ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടക്കം ഈ നിയമം പാലിക്കേണ്ടി വരും. മൂന്ന് പേരും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സാഹചര്യത്തിലാണിത്. മറ്റ് കമന്‍റേറ്റര്‍മാര്‍ക്കും നിയമം ബാധകമാണ്. ഏത് പദവിയാണ് സ്വീകരിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും സ്വയം തീരുമാനിക്കാം. സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, സഞ്ജയ് മഞ്ചരേക്കര്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരും ലോകകപ്പ് കമന്‍ററി ടീമിലുണ്ട്. ഇതോടെ ഐപിഎല്‍ ടീം, ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനുകള്‍, കോച്ചിംഗ്, കമന്‍ററി തുടങ്ങിയ നിലകളില്‍ മാറി മാറിയുളള ഇടപെടലുകള്‍ നടക്കില്ല. സൗരവ് ഗാംഗുലി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്‍റേറ്ററിനൊപ്പം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയില്‍ പ്രാതിനിധ്യമുള്ളതോടൊപ്പം കമന്‍ററി ടീമിലുമുണ്ട്. ഇതിന് അനുവദിക്കില്ലെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം.