ന്യൂഡല്‍ഹി:വനിതാ ടി20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകൾ നേർന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ട്വീറ്റിലൂടെയാണ് ഹർമന്‍പ്രീത് കൗറിനെയും കൂട്ടരെയും ഗാംഗുലി ആശംസയറിയിച്ചത്.ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കട്ടെയെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു .
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ആശംസയുമായി ഗാംഗുലി
മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കുന്ന വനിത ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ
മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിന് മുന്നോടിയായി പോപ്പ് ഗായിക കാറ്റി പെറിയുടെ സംഗീത വിരുന്നും മൈതാനത്ത് അരങ്ങേറും. നേരത്തെ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുമായി കാറ്റി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. നല്ല ഓർമകളാണ് പോപ്പ് ഗായികയുമായുള്ള കൂടിക്കാഴ്‌ച്ച സമ്മാനിച്ചതെന്ന് പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര വനിത ദിനത്തിലാണ് ഫൈനല്‍ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം മഴ കാരണം സെമി ഫൈനല്‍ മത്സരം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ കലാശപ്പോരിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാർ എന്ന നിലയില്‍ ടീം ഇന്ത്യക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്.