സതാംപ്ടൺ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 263 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റൺസെടുത്തു. മുഷ്ഫിഖുർ റഹീമിന്‍റെയും ഷാക്കീബ് അല്‍ ഹസന്‍റെയും അർധ സെഞ്ച്വറികളാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഇതേ പിച്ചില്‍ ഇന്ത്യ നേടിയ സ്കോറിനെക്കാൾ മികച്ച സ്കോറാണ് ബംഗ്ലാദേശ് നേടിയത്.
ഷാക്കീബിനും റഹീമിനും അർധ സെഞ്ച്വറി; അഫ്ഗാനിസ്ഥാന് 263 റൺസ് വിജയലക്ഷ്യം - അഫ്ഗാനിസ്ഥാൻ
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റൺസെടുത്തു. ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാൻ
ഇന്ത്യക്കെതിരെ പുറത്തെടുത്ത ബൗളിങ് പ്രകടനം ഇന്നും കാഴ്ചവയ്ക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞു. എന്നാല്‍ സിംഗിളുകളും ഡബിളും ഓടി റൺസ് നേടാൻ ബംഗ്ലാദേശ് ശ്രദ്ധിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച ലിറ്റൺ ദാസിനെ ഓപ്പണിങില്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം വിക്കറ്റില്‍ തമീം ഇക്ബാലും ഷാക്കീബ് അല്‍ ഹസനും ചേർന്ന് 59 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചു. പിന്നീട് തമീം ഇക്ബാലിനെയും (36) ഷാക്കീബ് അല്‍ ഹസനെയും (51) ബംഗ്ലാദേശിന് നഷ്ടമായി. നാലാമനായി ഇറങ്ങിയ മുഷ്ഫിഖുർ റഹീം വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാനം വരെ കളിച്ചത് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 87 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം 83 റൺസെടുത്താണ് റഹീം പുറത്തായത്. സൗമ്യ സർക്കാർ (മൂന്ന്), മഹമ്മദുള്ള (27), മൊസദേക്ക് ഹുസൈൻ (35) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
അഫ്ഗാന് വേണ്ടി യുവസ്പിന്നർ മുജീബുർ റഹ്‌മാൻ പത്ത് ഓവറില്‍ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ ഗുല്‍ബാദിൻ നായിബ് രണ്ടും ദൗലത്ത് സദ്രാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.