ബ്രിസ്ബെയ്ൻ:ലോകകപ്പിന് മുന്നോടിയായുള്ള ന്യൂസിലൻഡ് ഇലവനെതിരായ മൂന്നാം പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയക്ക് 16 റൺസിന്‍റെ ജയം. 91 റൺസെടുത്ത മുൻ നായകൻ സ്റ്റിവ് സ്മിത്തിന്‍റെയും 70 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലിന്‍റെയും പ്രകടനമാണ് ഓസീസിന് ജയം സമ്മാനിച്ചത്.
സ്മിത്തും മാക്സ്വെല്ലും തിളങ്ങി; ഓസ്ട്രേലിയക്ക് പരമ്പര
ന്യൂസിലൻഡ് ഇലവനെതിരായ മൂന്നാം ഏകദിത്തില്‍ ഓസീസ് ജയിച്ചത് 16 റൺസിന്
മഴ വില്ലനായി എത്തിയ മത്സരത്തില്‍ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസ്ട്രേലിയ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് ഇലവൻ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റൺസെടുത്തു. 111 റൺസെടുത്ത യംഗിന്‍റെയും 59 റൺസെടുത്ത വർക്കറിന്‍റെയും ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് ഇലവൻ മികച്ച സ്കോർ നേടിയത്. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ രണ്ട് റൺസെടുത്ത വാർണറിന്‍റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. ഉസ്മാൻ ഖ്വാജ 23 റൺസെടുത്ത് പുറത്തായി. മൂന്നാമനായി ബാറ്റിംഗിനിറങ്ങിയ സ്റ്റീവ് സ്മിത്ത് അനാവശ്യ ഷോട്ടുകൾക്ക് ശ്രമിക്കാതെ ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. 108 പന്തില്‍ 10 ബൗണ്ടറികളടക്കമാണ് സ്മിത്ത് 91 റൺസ് നേടിയത്. മാർഷ്(32), സ്റ്റോയിനിസ്(15) എന്നിവർ പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെല്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. 48 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്സുമടക്കമാണ് മാക്സ്വെല്‍ 70 റൺസെടുത്തത്.
ഓസ്ട്രേലിയൻ സ്കോർ 44 ഓവറില്‍ അഞ്ച് വിക്കറ്റിന് 248 റൺസ് എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. ഈ സമയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 233 റൺസായിരുന്നു. ഇതോടെ ഓസീസ് മത്സരത്തില്‍ ജയിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കി.