മെല്‍ബണ്‍: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബർ മൂന്നിന് ആരംഭിച്ചേക്കും. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യ കളിക്കുക. ഡിസംബർ മൂന്നിന് ബ്രിസ്‌ബണിലാകും പരമ്പരക്ക് തുടക്കമാവുക.
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് അരങ്ങൊരുങ്ങുന്നു - ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത
നേരത്തെ ഓസ്‌ട്രേലിയയില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ സമ്മതം അറിയിച്ചിരുന്നു
ഇതു സംബന്ധിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ചയുണ്ടാകും. പരമ്പരയുടെ ഭാഗമായുള്ള രണ്ടാമത്തെ മത്സരം അഡ്‌ലെയ്‌ഡില്‍ ഡിസംബർ 11-ന് നടക്കും. പിങ്ക് ബോൾ ടെസ്റ്റിനാണ് അഡ്‌ലെയ്ഡില്‍ അരങ്ങൊരുങ്ങുക. തുടർന്ന് ഡിസംബർ 26-ന് മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറും. അതിന് ശേഷം പുതുവർഷ ദിന ടെസ്റ്റിന് സിഡ്‌നിയും വേദിയാകും. ജനുവരി മൂന്നിനാണ് സിഡ്നിയില്‍ മത്സരം നടക്കുക. അതേസമയം കൊവിഡ് 19-നുമായി ബന്ധപ്പെട്ട് മോശം സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മത്സരങ്ങൾ ഒരു വേദിയിലേക്ക് ചുരുക്കാനും സാധ്യതയുണ്ട്.