സിഡ്‌നി: പുതുവർഷത്തിലെ ആദ്യ മത്സരത്തില്‍ കരിയറിലെ പ്രഥമ ഡബിൾ സെഞ്ച്വറി സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാർനസ് ലംബുഷെയിന്‍. ന്യൂസിലാന്‍റിനെതിരായ മൂന്നാം ടെസ്‌റ്റിലാണ് ലംബുഷെയിന്‍ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്.
19 ഫോറു ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. സിഡ്‌നിയില്‍ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഡബിൾ സെഞ്ച്വറി നേടാന്‍ 19 റണ്‍സ് കൂടി മാത്രം മതിയായിരുന്നു താരത്തിന്. ഉച്ചഭക്ഷണത്തിന് ശേഷം ഗ്രാന്‍ഡ് ഹോമിയുടെ പന്ത് അതിർത്തി കടത്തിയാണ് താരം ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 454 റണ്‍സെടുത്ത് പുറത്തായി. ലംബുഷെയ്‌ന് പുറമെ 63 റണ്‍സെടുത്ത് സ്റ്റീവ് സ്‌മിത്തും 45 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും അതിഥേയർക്കിടയില്‍ തിളങ്ങി. സ്‌മിത്തും ലംബുഷെയിനും ചേർന്ന് 156 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ന്യൂസിലാന്‍ഡിനായി കോളിന്‍ ഡി ഗ്രാന്‍ഹോം, നീല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ടോഡ് ആസ്റ്റലെ രണ്ടും മാറ്റ് ഹെന്‍റി, വില്യം സോമര്‍വില്ലെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റൊന്നും നഷ്‌ട്ടമാകാതെ ന്യൂസിലാന്‍ഡ് 63 റണ്‍സെടുത്തു. 26 റണ്‍സെടുത്ത നായകന്‍ ടോം ലാഥവും 34 റണ്‍സെടുത്ത ടോം ബ്ലണ്ടലുമാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പര നേരത്തെ ഓസ്‌ട്രേലിയ 2-0ത്തിന് സ്വന്തമാക്കിയിരുന്നു.