മെല്‍ബണ്‍: മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍റ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 44 റണ്‍സെന്ന നിലയില്‍. ഒമ്പത് റണ്‍സെടുത്ത ഓപ്പണർ ടോം ലാത്തമും രണ്ട് റണ്‍സെടുത്ത റോസ് ടെയ്‌ലറുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത ടോം ബ്ലണ്ടലിന്‍റെയും ഒമ്പത് റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണിന്‍റെയും വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സും പാറ്റിന്‍സണും വിക്കറ്റുകൾ നേടി.
മെല്‍ബണില്‍ ഓസിസ് ശക്തമായ നിലയില്‍; 467 റണ്‍സിന്‍റെ ലീഡ് - ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത
ന്യൂസിലന്‍റിനെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 467 റണ്‍സിന്‍റെ ലീഡ് നേടി. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കിവീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 44 റണ്‍സെടുത്തു
ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 467 റണ്‍സെടുത്ത് കൂടാരം കയറി. നാല് വിക്കറ്റിന് 257 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 85 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റാണ് ആതിഥേയർക്ക് രണ്ടാം ദിനം ആദ്യം നഷ്‌ടമായത്. മധ്യനിരയില്‍ 114 റണ്‍സുമായി ട്രാവിസ് ഹെഡ് പിടിച്ചുനിന്നതോടെ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കാനായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്‌മിത്തും ഹെഡും ചേർന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ടിം പെയിനും ഹെഡും ചേർന്ന് 150 റണ്‍സ് സ്‌കോർ ബോഡില്‍ കൂട്ടിച്ചേര്‍ത്തു. പെയിന്‍ അർദ്ധ സെഞ്ച്വറിയോടെ 79 റണ്‍സ് സ്വന്തമാക്കി. നേരത്തെ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാം ദിവസം ലംബുഷെയിന്‍ 63 റണ്‍സോടെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ന്യൂസിലന്‍റിനായി ആദ്യ ഇന്നിങ്സില്‍ വാഗ്നർ നാല് വിക്കറ്റ് എടുത്തപ്പോൾ സോത്തി മൂന്ന് വിക്കറ്റും ഗ്രാന്‍റ് ഹോമി രണ്ട് വിക്കറ്റും ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍റ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ നേരത്തെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 296 റണ്‍സിന്‍റ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.