ആദ്യ സെഞ്ച്വറിയുമായി റോറി ബേൺസ്: ആഷസില്‍ ഇംഗ്ലീഷ് മേല്‍ക്കൈ
രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി റോറി ബേൺസ് സെഞ്ച്വറി നേടി. ബേൺസിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ബിർമിങ്ഹാം സ്റ്റേഡിയത്തില്‍ പിറന്നത്.
എഡ്‌ജ്ബാസ്റ്റൺ: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ടാം ദിനം ഇംഗ്ലണ്ടിന് മുൻതൂക്കം. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 267 റൺസെടുത്തിട്ടുണ്ട്. മത്സരത്തില്‍ ലീഡ് നേടാൻ ഇംഗ്ലണ്ടിന് ഇനി 17 റൺസ് കൂടി വേണം. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി റോറി ബേൺസ് സെഞ്ച്വറി നേടി. ബേൺസിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ബിർമിങ്ഹാം സ്റ്റേഡിയത്തില്‍ പിറന്നത്. അർദ്ധ സെഞ്ച്വറി നേടി നായകൻ ജോ റൂട്ട് പുറത്തായി. രണ്ടാംദിനം കളി നിർത്തുമ്പോൾ 125 റൺസെടുത്ത ബേൺസും 38 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്. ഓസീസിന് വേണ്ടി ജെയിംസ് പാറ്റിൻസൺ രണ്ട് വിക്കറ്റ് നേടി. ഇന്നലെ ഒന്നാം ഇന്നിംഗ്സില്‍ ആസ്ട്രേലിയ 284 റൺസിന് ഓൾഔട്ടായിരുന്നു.