മെല്‍ബണ്‍:അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും പിന്മാറി ഓസ്ട്രേലിയന്‍ പുരുഷ ടീം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകളുടെ തൊഴിലിനും താലിബാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പരമ്പര റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നിശ്ചയിച്ചിരുന്നത്.
'അഫ്‌ഗാനിസ്ഥാനിലുള്‍പ്പടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ ഗെയിം വളര്‍ത്തുന്നതിനെ പിന്തുണയ്‌ക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സാഹചര്യം മെച്ചപ്പെടുന്നതിനായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും'. ഔദ്യോഗിക പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവരുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പരമ്പര ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറിയതോടെ സൂപ്പര്‍ ലീഗില്‍ 30 പോയിന്‍റ് ഓസ്ട്രേലിയക്ക് നഷ്‌ടപ്പെടും. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഓസ്‌ട്രേലിയ ഇതിനോടകം തന്നെ യോഗ്യത നേടിയതിനാൽ പോയിന്റുകൾക്ക് വലിയ പ്രാധാന്യമില്ല.