സിഡ്‌നി : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് സിഡ്‌നിയിലും മെൽബണിലും ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്‌ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഒരു ഡേ-നൈറ്റ് ടെസ്റ്റുമടങ്ങിയ പരമ്പര അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 19ന് സിഡ്‌നിയിലാണ് ആദ്യ ഏകദിനം നടക്കേണ്ടിയിരുന്നത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് മെൽബണും പെര്‍ത്തുമാണ് വേദി.
പരമ്പര പൂര്‍ണമായി മാറ്റിയില്ലെങ്കിലും മെൽബണിലും സിഡ്‌നിയിലും നടക്കേണ്ട മത്സരങ്ങള്‍ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ട്.