ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്‌ച ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ആരംഭിക്കും. മത്സരത്തിൽ ക്രീസിലെത്തുന്നതോടെ പുത്തനൊരു നാഴികക്കല്ലിന് ഒരുങ്ങുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പുജാര. ടെസ്റ്റിൽ 100 മത്സരങ്ങൾ എന്ന നേട്ടമാണ് താരം നാളെ നടക്കുന്ന മത്സരത്തിലൂടെ സ്വന്തമാക്കുക.
100 മത്സരങ്ങൾ കളിക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമാണ് പുജാര. 'എന്‍റെ രാജ്യത്തിന് വേണ്ടി 100 ടെസ്റ്റുകൾ കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് എനിക്ക് ഒരു നാഴികക്കല്ലാണ്. ഈ കാലയളവിൽ ഞാൻ ഒരുപാട് ഉയർച്ച താഴ്‌ചകളിലൂടെ മുന്നോട്ട് പോയി.
പക്ഷേ 100 ടെസ്റ്റുകൾ കളിക്കുന്നതിനായി എന്‍റെ യാത്ര തുടർന്നുകൊണ്ടിരുന്നു. ഇത് വളരെ ദീർഘവും കഠിനാധ്വാനവുമുള്ള യാത്രയാണ്. അതിനാൽ നിങ്ങൾ സ്വയം വിശ്വാസമർപ്പിക്കേണ്ടതുണ്ട്. പുജാര പറഞ്ഞു. ആദ്യത്തെ ഏഴ് വർഷങ്ങളിൽ ഞാൻ എങ്ങനെ വിജയിച്ചുവെന്നും എന്ത് ചെയ്‌തുവെന്നും എനിക്കറിയാം.
എനിക്ക് എന്‍റെ ഗെയിം മാറ്റാൻ കഴിയില്ല. പക്ഷേ കാര്യങ്ങൾ ട്യൂണ്‍ ചെയ്യാനും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കാനും കഴിയും. എന്നുവച്ച് നിങ്ങളുടെ ശൈലിയെ മുഴുവനായി മാറ്റാൻ നിങ്ങൾക്കാകില്ല. പുജാര പറഞ്ഞു
വളർന്നുകൊണ്ടിരിക്കുന്നു: ഓരോ കളിക്കാർക്കും വ്യത്യസ്‌ത ശൈലികളുണ്ട്. ഈ വർഷങ്ങളിലെല്ലാം ഞാൻ പഠിച്ചത് നിങ്ങളുടെ ശക്തിയിൽ ഉറച്ചുനിൽക്കുക എന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ എന്‍റെ ഗെയിമിൽ കുറച്ച് ഷോട്ടുകൾ അധികം ചേർത്തു. ഒരു ക്രിക്കറ്ററായി ഞാൻ വളർന്നുകൊണ്ടേയിരിക്കുകയാണ്. പുജാര വ്യക്‌തമാക്കി.
ടീമിന്‍റെ ഭാഗമല്ലാത്തപ്പോൾ താൻ വളരെ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും പുജാര പറഞ്ഞു. 'ടീമിന്‍റെ ഭാഗമല്ലാത്തപ്പോഴും ഐപിഎൽ കളിക്കാത്തപ്പോഴും എനിക്ക് ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. കൊവിഡ് കാരണം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നിർത്തി. വീട്ടിൽ ഇരുന്ന് ടീവിയിൽ മത്സരങ്ങൾ കാണുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. യോഗയും പ്രാണായാമവും ചെയ്യുന്നതിലൂടെ ഞാൻ എന്നെത്തന്നെ പ്രോത്‌സാഹിപ്പിച്ചുകൊണ്ടിരുന്നു.' പുജാര പറഞ്ഞു.
ഇടയ്‌ക്ക് ഫോം ഔട്ട് ആയതിനെത്തുടർന്ന് പുജാരയെ ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കാൻ ബിസിസിഐ അയച്ചിരുന്നു. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ സക്‌സസിനായി കളിച്ച താരം അവിടെ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. 'ഇംഗ്ലണ്ടിൽ കൗണ്ടി ടെസ്റ്റ് മത്സരം കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. സസെക്‌സിനായി ഞാൻ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. മികച്ച രീതിയിൽ ബാറ്റ് വീശാൻ സാധിച്ചു. അതിലൂടെ മതിയായ ആത്മവിശ്വാസവും ലഭിച്ചു. പുജാര പറഞ്ഞു.
എറി കൊണ്ടിട്ടും പിടിച്ചുനിന്നു: തന്‍റെ മികച്ച ഇന്നിങ്‌സുകളെക്കുറിച്ചും താരം വാചാലനായി. എല്ലാ ഇന്നിംഗ്‌സും എനിക്ക് പ്രത്യേകതയേറിയതാണ്. അതിനാൽ തന്നെ ഒന്നോ രണ്ടോ ഇന്നിംഗ്‌സുകൾ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ തെരഞ്ഞെടുക്കേണ്ടി വന്നാൽ 72 റണ്‍സ് നേടിയ എന്‍റെ അരങ്ങേറ്റ ഇന്നിങ്സ് വളരെ പ്രത്യേകതയേറിയതാണ്. പുജാര പറഞ്ഞു.
2017ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ 72 റണ്‍സും, ഓസ്‌ട്രേലിയക്കെതിരെ ഗാബയിൽ നേടിയ 52 റണ്‍സും എന്‍റെ പ്രിയപ്പെട്ട ഇന്നിങ്‌സുകളാണ്. ഗാബയിലെ മത്സരത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരുടെ പന്തുകൾ തുടർച്ചയായി ശരീരത്തിൽ തട്ടിയത് ഇപ്പോഴും ഞാൻ ഓർക്കുന്നു. പക്ഷേ വേദന സഹിച്ചും ഞാൻ ക്രീസിൽ ഉറച്ചു നിന്നു. ആ ഇന്നിങ്സ് ടീമിന് വളരെ ഗുണം ചെയ്യുകയും ചെയ്‌തു. പുജാര കൂട്ടിച്ചേർത്തു.