ഷാർജ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഉണ്ടായിരുന്ന കൈല്‍ ജാമിസണ് പകരം ടിം ഡേവിഡിനെയും മലയാളി താരം സച്ചിൻ ബേബിക്ക് പകരം നവദീപ് സെയ്‌നിയെയും ഉൾപ്പെടുത്തിയാണ് ബാംഗ്ലൂർ ഇന്ന് കളിക്കുന്നത്.
രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മുംബൈയോട് മിന്നുന്ന വിജയം നേടിയ ആത്മവിശ്വാസവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുപക്ഷത്ത് കൊൽക്കത്തയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണം മറയ്‌ക്കാനാവും ബാംഗ്ലൂർ ഇന്നിറങ്ങുക. എട്ട് മത്സരങ്ങളിൽ നിന്ന് ആറ് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ.
എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ പത്ത് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. ഇരുവരും ഇതുവരെ 27 മത്സരങ്ങളിലാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 18 കളിയിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.