ഇൻഡോർ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ നിർണായകമായ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്ക് കരുത്തേകാൻ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ എത്തുന്നു. പരിക്കിന്‍റെ പിടിയിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്തതായി ടീം വൃത്തങ്ങൾ അറിയിച്ചു. പരിക്കിൽ നിന്നും പൂർണമായും മുക്‌തനായതോടെ താരം ഇൻഡോറിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ കളത്തിലിറങ്ങും. നാല് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 2-0ന് മുന്നിലാണ് ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് കാമറൂണ്‍ ഗ്രീനിന് കൈവിരലിൽ പരിക്കേറ്റത്. പരിക്ക് ഭേദമാകാത്തതിനാൽ ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഓസ്‌ട്രേലിയൻ ടീമിന് വലിയ സംഭാവനകൾ നൽകിയിരുന്ന ഗ്രീനിന്‍റെ അഭാവം ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു.
അതേസമയം പ്രധാന താരങ്ങളുടെ അഭാവത്തിൽ വലയുന്ന ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് മുന്നോടിയായി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഡൽഹി ടെസ്റ്റിന് പിന്നാലെ അസുഖ ബാധിതയായി ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ നായകൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനാൽ തന്നെ മൂന്നാം ടെസ്റ്റിൽ കമ്മിൻസിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്‌റ്റൻ സ്റ്റീവ് സ്‌മിത്ത് ഓസീസിനെ നയിക്കും.
ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്‌ടമായ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് അടുത്ത രണ്ട് ടെസ്റ്റുകളിൽ പാറ്റ് കമ്മിൻസിന് പകരക്കാരനാകും. കമ്മിൻസിനെ കൂടാതെ മൂന്ന് പ്രധാന താരങ്ങളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഉപ്പൂറ്റിക്ക് പരിക്കേറ്റ ജോഷ് ഹേസല്‍വുഡ്, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഡേവിഡ് വാർണർ, സ്‌പിന്നർ ആഷ്‌ടണ്‍ അഗർ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഡേവിഡ് വാർണർ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.
ഇന്‍ഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ വിജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാനാകും. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിജയിച്ചത്. ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം.