ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റുകളെന്ന നിര്‍ണായക നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജയെ പുറത്താക്കിയാണ് ജഡേജ നിര്‍ണായ നാഴികകല്ല് പിന്നിട്ടത്. അര്‍ധ സെഞ്ചുറി പിന്നിട്ട് മികച്ച രീതിയില്‍ കളിക്കുകയായിരുന്ന ഖവാജയെ ജഡേജ കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
തന്‍റെ 62ാം ടെസ്റ്റാണ് 34കാരന്‍ ഓസീസിനെതിരെ ഡല്‍ഹിയില്‍ കളിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും ജഡേജയ്‌ക്ക് കഴിഞ്ഞു. 45 ടെസ്റ്റുകളില്‍ നിന്നും 250 വിക്കറ്റുകള്‍ നേടിയ ആര്‍ അശ്വിനാണ് പട്ടികയില്‍ തലപ്പത്തുള്ളത്.